International

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം വൈകുന്നു; ബൈഡൻ ചരിത്ര ജയത്തിനരികിലെന്ന് സൂചന

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനമാർഥി ജോ ബൈഡൻ ചരിത്ര ജയത്തിനരികിലെന്ന് സൂചന. ബൈഡന് 264 ഉം ഡോണൾഡ് ട്രംപിന് 214 ഉം ഇലക്ടറൽ വോട്ടാണ് ഇതുവരെ ലഭിച്ചത്. വരാനിരിക്കുന്ന ഫലങ്ങൾ നിർണായകമെങ്കിലും അവസാന വിവര പ്രകാരം ജോ ബൈഡനാണ് വിജയ സാധ്യത.

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഒരു പ്രസിഡന്‍റിന് ലഭിക്കുന്ന ഏറ്റവും കൂടിയ വോട്ടിലേക്ക് ബൈഡൻ എത്തി. ഏഴ് കോടിയിലധികം വോട്ടാണ് ബൈഡൻ നേടിയത്. 6.94 കോടി വോട്ടെന്ന ബാരക് ഒബാമയുടെ റെക്കോഡാണ് ബൈഡൻ മറികടന്നത്. എന്നാൽ പ്രസിഡന്‍റാകുമോയെന്ന ചോദ്യത്തിന് ഇപ്പോഴും പൂർണ മറുപടിയായിട്ടില്ല. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. നൊവാഡയിൽ ബൈഡന്‍റെ ഭൂരിപക്ഷം കൂടുകയാണ്. നൊവാഡയിലെ ആറ് സീറ്റുകൾകൂടി ലഭിച്ചാൽ 270 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ ബൈഡനാകും. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് നിലവിൽ മുന്നിട്ടു നിൽക്കുന്ന സീറ്റുകളെല്ലാം ലഭിച്ചാലും ഭൂരിപക്ഷം നേടാനാകില്ല. ജോർജിയ (16), നോർത്ത് കാരലൈന (15), പെൻസിൽവേനിയ (20), അലാസ്‌ക (3) എന്നിവിടങ്ങളിലെല്ലാം ജയിച്ചാലും 268 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് ട്രംപിന് നേടാനാവുക.