International

അമേരിക്ക കോവിഡിനെ വളരെ നന്നായി കൈകാര്യം ചെയ്യുന്നു, ഇന്ത്യ ഭീകര പ്രശ്നത്തിലാണ്: ട്രംപ്

ചൈനയിലും കോവിഡ് കേസുകൾ കൂടുകയാണെന്ന് ട്രംപ് വിശദീകരിച്ചു.

ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അമേരിക്ക വളരെ നന്നായി കോവിഡിനെ കൈകാര്യം ചെയ്യുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ കോവിഡ് പ്രതിരോധത്തിൽ ഭീകരമായ പ്രശ്നം നേരിടുന്നുണ്ട്. ചൈനയിലും കോവിഡ് കേസുകൾ കൂടുകയാണെന്ന് ട്രംപ് വിശദീകരിച്ചു.

അമേരിക്കയിൽ ഇതിനകം 48 ലക്ഷത്തോളം ആളുകൾക്ക് കോവിഡ് ബാധിച്ചു. ഒന്നര ലക്ഷം ആളുകൾ മരിച്ചു. എന്നിട്ടും ട്രംപ് അവകാശപ്പെടുന്നത് അമേരിക്കയുടെ കോവിഡ് പ്രതിരോധം വളരെ മികച്ചതാണെന്നാണ്. രോ​ഗബാധിതരുടെ എണ്ണത്തിൽ ബ്രസീലിന് പിന്നിലായി മൂന്നാമതാണ് ഇന്ത്യ. രോ​ഗികളുടെ എണ്ണം 19 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 38938 പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മൂന്ന് മാസത്തിനുള്ളിൽ ആദ്യമായി പ്രതിദിന കണക്കിൽ കോവിഡ് ബാധിതരുടെ എണ്ണം 100 കടന്നത് ജൂലൈ 29നാണ്.

‘ഒരു കാര്യം മറക്കരുത് നമ്മൾ ചൈനയേക്കാളും ഇന്ത്യയേക്കാളും വലുതാണ്. ഇന്ത്യ ഭീകര കുഴപ്പത്തിലാണ്. ചൈനയിലും കേസുകൾ കൂടിവരുന്നു. എല്ലാ രാജ്യങ്ങളിലും പ്രശ്നങ്ങളുണ്ട്. കോവിഡ് പ്രതിസന്ധി തരണം ചെയ്തു എന്ന് കരുതിയ രാജ്യങ്ങളിലും പിന്നീട് കേസുകളുണ്ടാകുന്നുണ്ട്. ഫ്ളോറിഡയിൽ എല്ലാ കേസുകളും തീർന്നെന്ന് നമ്മൾ കരുതിയിരുന്നപ്പോൾ പെട്ടെന്ന് കൂടിയത് പോലെ’.. ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

അമേരിക്കയിൽ 6 കോടി ജനങ്ങൾക്ക് കോവിഡ് പരിശോധന നടത്തിയെന്നും ട്രംപ് അവകാശപ്പെട്ടു. കോവിഡ് പരിശോധനയിൽ ഒരു രാജ്യവും ഇതിനടുത്ത് പോലുമില്ല. 20 മിനിറ്റിനുള്ളിൽ ഇപ്പോൾ പരിശോധനാഫലം കിട്ടുന്നുണ്ട്. വേറെ എവിടെയും ഇങ്ങനെയൊന്നുമില്ല. അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുകയാണ്. നിയന്ത്രണവിധേയമാണ് കാര്യങ്ങൾ. എങ്കിലും ജാ​ഗ്രത കൈവിടരുതെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും കൈകൾ ഇടയ്ക്കിടെ കഴുകണമെന്നും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും ട്രംപ് അമേരിക്കക്കാരോട് അഭ്യർഥിച്ചു. എല്ലാക്കാലത്തും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഈ അദൃശ്യ ശത്രുവിനെ നേരിടാനാവില്ല. ലോക്ക്ഡൗൺ പ്രഖ്യാപിച്ച രാജ്യങ്ങളിൽ അക്കാലത്ത് കേസുകൾ കുറഞ്ഞെങ്കിലും പിന്നീട് കൂടുന്നതാണ് കണ്ടതെന്നും ട്രംപ് പറഞ്ഞു.