International

യുക്രൈന് വീണ്ടും 800 മില്യണ്‍ ഡോളര്‍ സൈനിക സഹായം നല്‍കി അമേരിക്ക; പുടിന്‍ യുദ്ധകുറ്റവാളിയെന്ന് ബൈഡന്‍

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുക്രൈനിലെ സാധാരണക്കാര്‍ക്കെതിരെ പുടിന്‍ നടത്തുന്ന അധാര്‍മികമായ അക്രമങ്ങള്‍ക്കെതിരെ അമേരിക്ക ഉറച്ചുനില്‍ക്കുന്നതായി ബൈഡന്‍ പറഞ്ഞു. ഈ ആക്രമണങ്ങള്‍ക്കെതിരെ ധീരമായി ചെറുത്ത് നില്‍പ്പ് തുടരുന്ന യുക്രൈന് 800 മില്യണ് ഡോളര്‍ അധിക സൈനിക സഹായം നല്‍കുന്നതായും ബൈഡന്‍ പ്രഖ്യാപിച്ചു.

നിലനില്‍പ്പിനും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് യുക്രൈന്റെ പോരാട്ടമെന്ന് ബൈഡന്‍ വൈറ്റ് ഹൗസില്‍ വച്ച് പറഞ്ഞു. ജനവാസ മേഖലകളിലേക്ക് കടന്നുചെന്ന് ആശുപത്രികളും സ്‌കൂളുകളും വരെ ആക്രമിച്ച റഷ്യന്‍ സൈന്യം ധാര്‍മികതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചെന്നും പുടിന്‍ യുദ്ധക്കുറ്റവാളിയാണെന്നും ബൈഡന്‍ ആഞ്ഞടിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് റഷ്യ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു പുടിനെതിരെ ഹൈഡന്‍ കടുത്ത ഭാഷയില്‍ തിരിച്ചടിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കും റഷ്യ ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍, സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ വില്യം ബേണ്‍സ്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജന്‍ സാകി, മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍, ബൈഡന്റെ മകന്‍ ഹണ്ടര്‍ എന്നിവര്‍ക്കും റഷ്യ ഉപരോധമേര്‍പ്പെടുത്തിയിരുന്നു.

യുക്രൈനില്‍ യുദ്ധം നടത്തുന്നതിന് റഷ്യന്‍ പ്രസിഡന്റ് പുടിനും വിദേശകാര്യ മന്ത്രി സര്‍ജീ ലാവ്രോവിനും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായിരുന്നു റഷ്യയുടെ നടപടി.