കോവിഡ് മനുഷ്യനിര്‍മ്മിതമാണെന്നും വൈറസിന്‍റെ വ്യാപനം തടയാന്‍ ചൈന പ്രതിരോധ നടപടികളൊന്നും കൈക്കൊണ്ടില്ലെന്നും വെളിപ്പെടുത്തല്‍ നടത്തിയ ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി-മെംഗ് യാനിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തു. ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലിയുടെ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തത്.
കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മ്മിച്ചതാണെന്ന വെളിപ്പെടുത്തലിന് ശേഷം ട്വിറ്ററില്‍ ലിയുടെ ഫോളോവേഴ്സിന്‍റെ എണ്ണം കൂടിയിരുന്നു. ലിയുടെ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബ്രിട്ടീഷ് ടോക്ക് ഷോ ആയ ‘ലൂസ് വിമിന്‍’ എന്ന പരിപാടിയിലാണ് ലി മെങ് കോവിഡിന് കാരണമായ വൈറസിനെ സംബന്ധിച്ച പരീക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്.
ഹോങ്കോംഗിലെ പൊതുജനാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കെ ലീയുടെ സൂപ്പര്‍വൈസര്‍ ഡിസംബര്‍ 31ന് വുഹാനില്‍ കണ്ടെത്തിയ പുതിയൊരു തരം സാര്‍സ് പോലുള്ള വൈറസിനെക്കുറിച്ച് പഠിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ അതിന് വേണ്ടിയെടുത്ത എല്ലാ പരിശ്രമങ്ങളെയും പിന്നീട് തടഞ്ഞു. തന്‍റെ സുരക്ഷ കണക്കിലെടുത്തുകൊണ്ടാണ് തനിക്ക് യു.എസിലേക്ക് പോകേണ്ടി വന്നതെന്നും ലി ഷോയില്‍ വ്യക്തമാക്കിയിരുന്നു.
വുഹാനിലെ ന്യൂമോണിയ വ്യാപനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന താന്‍ കൊറോണ വൈറസിനെക്കുറിച്ച് മനസിലാക്കിയപ്പോള്‍ ഞെട്ടിയെന്നും ലീ പറയുന്നു. തന്‍റെ മുന്നറിയിപ്പുകളെ ഭരണാധികാരികള്‍ അവഗണിച്ചുവെന്നും വൈറസിനെ ലോകം മുഴുവന്‍ പടരാന്‍ അനുവദിച്ചുവെന്നും ലീ ആരോപിച്ചിരുന്നു.