International

ട്രംപിന്റെ പരിചാരകരില്‍ ഒരാള്‍ക്ക് കോവിഡ്

ബുധനാഴ്ച്ചയാണ് ഇയാളില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു…

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരിചാരക സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനും കോവിഡ് പരിശോധന നടത്തിയെന്നും ഇരുവര്‍ക്കും രോഗമില്ലെന്ന ഫലമാണ് ലഭിച്ചതെന്നും വൈറ്റ് ഹൗസ് അറിയിച്ചു. പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുള്ള വൈറ്റ്ഹൗസിലെ ഉന്നതര്‍ക്ക് എല്ലാദിവസവും കോവിഡ് പരിശോധന നടത്തുന്നുണ്ട്.

കോവിഡ് ബാധിച്ചയാള്‍ അമേരിക്കന്‍ നാവികസേനയിലെ ഉദ്യോഗസ്ഥനാണെന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ബുധനാഴ്ച്ചയാണ് ഇയാള്‍ക്ക് കോവിഡിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വൈറ്റ് ഹൗസിലെ ജീവനക്കാരില്‍ രണ്ടാമത്തെയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.

വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഓഫീസിലെ ആള്‍ക്കാണ് ആദ്യമായി വൈറ്റ്ഹൗസില്‍ കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ചിലെ ഈ സംഭവത്തിന് ശേഷം ഇപ്പോഴാണ് വൈറ്റ് ഹൗസില്‍ നിന്നും കോവിഡ് റിപ്പോര്‍ട്ടു ചെയ്യുന്നത്. വിപണി തുറക്കാനുള്ള ശ്രമങ്ങള്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങള്‍ ആരംഭിക്കുന്നതിനിടെയാണ് ട്രംപിന്റെ പരിചാരക സംഘത്തിലെയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

തിടുക്കത്തില്‍ വിപണി തുറക്കുന്നത് പല അമേരിക്കക്കാര്‍ക്കും മരണ വാറണ്ടാകുമെന്ന മുന്നറിയിപ്പ് ആരോഗ്യ വിദഗ്ധര്‍ നല്‍കിയിരുന്നു. കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ കുറക്കാന്‍ തീരുമാനിച്ച അമേരിക്കന്‍ സംസ്ഥാനങ്ങളെ ട്രംപ് അഭിനന്ദിച്ചിരുന്നു. വിപണി വീണ്ടും തുറക്കുമ്പോള്‍ കൂടുതല്‍ മരണമുണ്ടാകുമെങ്കിലും തുറക്കാതിരിക്കാനാവില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ നിലപാട്.