International

കോവിഡ്; ആദ്യഘട്ടത്തില്‍ ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന് ട്രംപ്

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്താത്തത് ലോകത്ത് കോവിഡ് വ്യാപനത്തിന് കാരണമായെന്നും അമേരിക്ക ചൂണ്ടിക്കാട്ടി

കോവിഡ് വ്യാപനത്തില്‍ ചൈനയെ വീണ്ടും കടന്നാക്രമിച്ച് അമേരിക്ക. ആദ്യ ഘട്ടത്തില്‍ ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്താത്തത് ലോകത്ത് കോവിഡ് വ്യാപനത്തിന് കാരണമായെന്നും അമേരിക്ക ചൂണ്ടിക്കാട്ടി. യു.എന്‍ ജനറല്‍ അസംബ്ലിയിലാണ് അമേരിക്കയുടെ വിമര്‍ശനം.

ട്രംപിന് പിന്നാലെ പ്രസംഗം നടത്തിയ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ് ട്രംപിന് ചുട്ട മറുപടി നല്‍കുകയും ചെയ്തു. കോവിഡ് വിഷയം രാഷ്ട്രീയവത്ക്കരിക്കാനുള്ള ഏതൊരു ശ്രമവും നിരസിക്കപ്പെടണമെന്നും ചൈനീസ് പ്രസിഡന്‍റ് ആവശ്യപ്പെട്ടു. തങ്ങളൊരിക്കലും മേധാവിത്വത്തിന് ശ്രമിക്കുകയോ സ്വാധീന മേഖലകള്‍ വികസിപ്പിക്കാനോ ശ്രമിച്ചിട്ടില്ലെന്നും ചൈനീസ് പ്രസിഡന്‍റ് പറഞ്ഞു. ഒരു രാജ്യത്തോടും യുദ്ധം നടത്താനും ആഗ്രഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഏറ്റവും അപകടകരമായ ദിശയിലേക്കാണ് ലോകം നീങ്ങുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്‍കി. രണ്ട് വലിയ സമ്പദ് വ്യവസ്ഥകള്‍ ലോകത്തെ വിഭജിക്കാനൊരുങ്ങിയാല്‍ അതിന്‍റെ പ്രത്യാഘാതം താങ്ങാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.