അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം പാസായി. ജനപ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പിൽ 197നെതിരെ 231 പേർ പ്രമേയത്തെ അനുകൂലിച്ചു. പത്ത് റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെ എതിർത്ത് വോട്ട് ചെയ്തു. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്‍റിനെ രണ്ട് തവണ ഇംപീച്ച് ചെയ്യുന്നത്.
കാപിറ്റോൾ ഹാളിൽ നടന്ന അക്രമണത്തിന് പ്രേരണ നല്‍കിയതിനാണ് നടപടി. ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാനായി ചേര്‍ന്ന പാര്‍ലമെന്‍റെ സംയുക്ത സമ്മേളനത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്.
യു. എസ് പ്രസിഡന്‍റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഇംപീച്ച്മെന്‍റ് നടപടികള്‍ക്ക് തുടക്കമാവുന്നത്. ജനുവരി 20 നാണ് ബൈഡന്‍ യു.എസ് പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുന്നത്.
ഭരണഘടനയുടെ 25ാം വകുപ്പ് ഉപയോഗിച്ച് ട്രംപിനെ നീക്കണമെന്ന ആവശ്യം നേരത്തെ ഡെമോക്രാറ്റുകള്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിന്‍റെ മുമ്പില്‍ വെച്ചിരുന്നു. പെന്‍സ് ഇതിന് തയ്യാറാകാതായതോടെയാണ് ഇംപീച്ച്മെന്‍റ് നടപടികളിലേക്ക് കടന്നത്. മുമ്പ്, 2019 ഡിസംബറിലും ട്രംപിനെതിരെ ഇംപീച്ച്‌മെന്‍റ് നടപടികളിലേക്ക് ഡെമോക്രാറ്റുകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ 2020 ഫെബ്രുവരിയില്‍ റിപ്പബ്ലിക്കന്മാര്‍ക്ക് മേധാവിത്വമുള്ള സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തമാക്കുകയായിരുന്നു.