International

രേഖകളില്ലാതെ കുടുങ്ങിയവര്‍ക്ക് ഒമാന്‍ വിടാനുള്ള സമയപരിധി നീട്ടി

ഒമാനിൽ മതിയായ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള പദ്ധതി മാര്‍ച്ച് 31 വരെ നീട്ടി. ഒമാന്‍ തൊഴില്‍ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

മതിയായ രേഖകളില്ലാതെ ഒമാനില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള പദ്ധതി ഡിസംബർ 31 വരെ ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പദ്ധതി മൂന്ന് മാസം കൂടി നീട്ടി നൽകിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ വിപണിയുടെ ക്രമീകരണം ലക്ഷ്യമിട്ട് സുപ്രീം കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് തൊഴിലാളികളുടെ മടക്കത്തിനായുള്ള പദ്ധതിയുടെ കാലാവധി നീട്ടി നൽകിയത്.

57,748 വിദേശികളാണ് നാടുകളിലേക്കുള്ള മടക്കത്തിന് എക്സിറ്റ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 12378 പേർ ജന്മനാടുകളിലേക്ക് മടങ്ങിയതായും ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.