International

‘ഇത്തവണ പിഴവ് പറ്റില്ല’; മലാലക്ക് വീണ്ടും താലിബാന്‍റെ വധഭീഷണി

നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്‍സായിക്കെതിരെ വീണ്ടും വധഭീഷണിയുമായി താലിബാന്‍. പാക് താലിബാന്‍ ഭീകരന്‍ ഇഹ്സാനുല്ല ഇഹ്സാന്‍ ആണ് വധഭീഷണി മുഴക്കിയത്. ഉറുദു ഭാഷയിലായിരുന്നു ട്വീറ്റ്. അക്കൌണ്ട് ട്വിറ്റര്‍ പൂട്ടി.

“തിരികെ വീട്ടിലേക്ക് വരൂ. നിന്നോടും പിതാവിനോടും കണക്ക് തീര്‍ക്കാനുണ്ട്. ഇത്തവണ പിഴവ് പറ്റില്ല” എന്നായിരുന്നു ട്വീറ്റ്.

2012ൽ മലാലക്ക് നേരെ വെടിയുതിര്‍ത്തിന്‍റെ ഉത്തരവാദിത്വം ഇഹ്സാനുല്ല ഏറ്റെടുത്തിരുന്നു. 2014ല്‍ പെഷവാറില്‍ പാകിസ്താനി ആര്‍മിയുടെ സ്കൂളില്‍ നടത്തിയ ആക്രമണത്തിലും പ്രതിയാണ് ഇഹ്സാനുല്ല. 134 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 2017ല്‍ ഇയാള്‍ അറസ്റ്റിലായി. 2020 ജനുവരിയിലാണ് ഇഹ്സാനുല്ല ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്.

“എന്നെ ആക്രമിച്ചതിന്‍റെയും നിരപരാധികളുടെ ജീവനെടുത്തതിന്‍റെയും ഉത്തരവാദിത്വം ഏറ്റെടുത്തത് തെഹ്‍രിക് ഇ താലിബാന്‍ മുന്‍ വക്താവായ ഇയാളാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഭീഷണിപ്പെടുത്തുന്നു. എങ്ങനെയാണ് അയാള്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സേനയും മറുപടി പറയണം”- മലാല ആവശ്യപ്പെട്ടു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശബ്ദമുയര്‍ത്തിയ മലാലക്ക് നേരെ ഭീകരര്‍ 2012ല്‍ സ്കൂള്‍ ബസില്‍ വെച്ചാണ് വെടിയുതിര്‍ത്തത്. മൂന്ന് വെടിയുണ്ടകള്‍ മലാലയില്‍ ചെന്നുതറച്ചു. അന്ന് 15 വയസ്സായിരുന്നു മലാലയുടെ പ്രായം. മലാലയുടെ പിതാവ് സ്വാത് താഴ്‍വരയിലെ ഒരു സ്കൂളില്‍ അധ്യാപകനായിരുന്നു.

2007ല്‍ സ്വാത് താഴ്‍വര അധീനതയിലാക്കിയ താലിബാന്‍ പെണ്‍കുട്ടികള്‍ സ്കൂളുകളില്‍ വരുന്നത് തടയുകയായിരുന്നു. ഇവരെ പാക് പട്ടാളം തുരത്തുന്നതുവരെ ഈ സ്ഥിതി തുടര്‍ന്നു. സ്വാത് താഴ്‍വരയില്‍ മലാല പിന്നീട് പെണ്‍കുട്ടികള്‍ക്കായി സ്കൂള്‍ തുറന്നു. ലോകവ്യാപകമായി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ മലാല ഫണ്ട് തുടങ്ങുകയും ചെയ്തു.