International

സിറിയന്‍ സൈന്യം വിമതരില്‍ നിന്ന് ഒരു നഗരം കൂടി പിടിച്ചെടുത്തു

വിമതരുടെ നിയന്ത്രണത്തിലായിരുന്ന ഖല്‍അതുല്‍ മദീഖ് എന്ന പട്ടണമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. റഷ്യന്‍ സൈന്യത്തിന്‍റെ പിന്തുണയോടെയാണ് ബശ്ശാറുല്‍ അസദിന്‍റെ സൈന്യം ഖല്‍അതുല്‍ മദീഖ് പിടിച്ചെടുത്തത്. ഇദ്‍ലിബിലും അതിനടുത്തുമുള്ള വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി സിറിയന്‍ സൈന്യം ശക്തമായ ആക്രമണമാണ് നടത്തിയിരുന്നത്. റഷ്യ- തുര്‍ക്കി ധാരണയെ തുടര്‍ന്ന് വലിയ ഏറ്റുമുട്ടലുകള്‍ നേരത്തെ നടക്കാതിരുന്ന പ്രദേശമാണിത്.

സിറിയയില്‍ റഷ്യയുടെ വ്യോമസേനയുടെ താവളം സ്ഥിതി ചെയ്യുന്ന ലതാകിയ പ്രദേശത്തിനോടടുത്താണ് ഖല്‍അതുല്‍ മദീഖ്ന്ന പ്രദേശം. വിമതര്‍ കയ്യടക്കി വെച്ചിട്ടുളള പ്രദേശങ്ങളിലേക്കുള്ള പ്രവേശന കവാടം കൂടിയാണ് ഈ പട്ടണം. ഈ നഗരം പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ നിരവധി മനുഷ്യജീവനുകള്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍. ഇദ്‍ലിബ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന പ്രകാരം വലിയ രക്തച്ചൊരിച്ചില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായിട്ടുണ്ട്. ഔദ്യോഗികമായി അത്യാഹിതങ്ങളുടെ കണക്കുകളൊന്നും പുറത്തുവന്നിട്ടില്ല. യു.എനിന്‍റെ കണക്കു പ്രകാരം ഈ മേഖലയില്‍ ഒന്നരലക്ഷം കുടുംബങ്ങളാണ് വീടുകള്‍ തകര്‍ന്ന് തെരുവുകളില്‍ കഴിയുന്നത്.