International

നിയന്ത്രണ രേഖയിലെ സുരക്ഷാ മാറ്റം; ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ

ലഡാക്ക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയിലെ തല്‍സ്ഥിതിയില്‍ മാറ്റം വരുന്നത് അംഗീകരിക്കാനാകില്ലെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ. ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ് ജയ്ശങ്കറാണ് നിലപാട് ആവര്‍ത്തിച്ചത്.

പൂര്‍ണമായി സമാധാനം ഉറപ്പുവരുത്താന്‍ നിലവിലെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. പാംഗോങ്സോ തടാക മേഖലയില്‍ നിന്ന് പിന്‍വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരിയില്‍ ഉണ്ടാക്കിയ ധാരണ ഉദ്ധരിച്ചുകൊണ്ടായിരുന്നു ജയശങ്കര്‍ പ്രശ്ന പരിഹാരത്തിന് ആവശ്യപ്പെട്ടത്.

ധാരണ പ്രകാരം ഹോട്സ് സ്പ്രിംഗ്, ഗോഗ്ര എന്നീ മേഖലകളില്‍ നിന്നും ചൈനീസ് സൈന്യം പിന്‍വാങ്ങിയെങ്കിലും പാംഗോങ്സോയിലെ ചില മേഖലയില്‍ സൈന്യം തുടരുകയാണ്. നിയന്ത്രണ രേഖയിലെ പ്രശ്നങ്ങള്‍ എത്രയും വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുമോ അത്രയും നല്ലതാണെന്നും ജയ്ശങ്കര്‍ പറഞ്ഞു. പാംഗോങ്സോ മേഖലയിലെ പല ഭാഗങ്ങളില്‍ നിന്നും സൈനികര്‍ പിന്‍വാങ്ങിയത് പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കുന്നതിനുളള അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്. നിയന്ത്രണരേഖയില്‍ സമാധാനം പുലരുന്നതിനായി ചൈനയും ഇന്ത്യയ്ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.