International

കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ ഹജ്ജിന് അനുമതി നൽകൂവെന്ന് സൗദി ആരോഗ്യ മന്ത്രാലയം

കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ ഈ വർഷത്തെ ഹജ്ജിന് അനുമതി നൽകൂവെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും ഹജ്ജിന് അനുമതി നൽകും. കോവിഡ് സാഹചര്യത്തിൽ നടക്കുന്ന ഹജ്ജിന് പ്രത്യേകമായ ക്രമീകരണങ്ങളാണ് നടത്തി വരുന്നത്.

കോവിഡ് ഭയാശങ്കകൾക്കിടയിൽ തന്നെയാണ് ഈ തവണയും ഹജ്ജ് കർമ്മങ്ങൾ നടക്കുക. കഴിഞ്ഞ വർഷം സൌദിക്ക് അകത്തുള്ള ആയിരത്തോളം പേർക്ക് മാത്രമാണ് ഹജ്ജിന് അനുമതി ലഭിച്ചിരുന്നത്. അതിൽ മലയാളികളുൾപ്പെടെയുള്ള വിദേശികളുമുണ്ടായിരുന്നു. എന്നാൽ ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരേയും ഹജ്ജ് കർമ്മത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചർച്ചകളുമാണ് നടന്ന് വരുന്നത്. അതേ സമയം കോവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമായിരിക്കും ഇത്തവണത്തെ ഹജ്ജിന് അനുമതി ലഭിക്കുക. സൌദി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സൌദി മാധ്യമങ്ങളാണ് ഇക്കാര്യം പുറത്ത് വിട്ടത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രത്യേകമായ മെഡിക്കൽ സന്നാഹം മക്കയിലും മദീനയിലുമുണ്ടാകും. ഹാജിമാരെത്തുന്നതു മുതൽ മടങ്ങിപ്പോകും വരെ സേവനം വേണ്ടതിനാൽ ആവശ്യമായ മെഡിക്കൽ സജ്ജീകരണത്തിന് ഹജ്ജ് ഉംറ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഏകോപിച്ചാണ് പ്രവർത്തനം.

തീർത്ഥാടകർക്കാവശ്യമായ സേവനം ചെയ്യുന്നതിനെത്തുന്ന ആരോഗ്യ പ്രവർത്തകരുടേയും ജീവനക്കാരുടേയും മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം മാത്രമേ പുണ്യ സ്ഥലങ്ങളിലെത്തിക്കൂ. ജൂലൈ മാസത്തിൽ നടക്കുന്ന ഹജ്ജിന് മുന്നോടിയായി സൌദിയിൽ വാക്സിൻ വിതരണം വലിയ അളവിൽ പൂർത്തിയാക്കാനാകും വിധമാണ് വിതരണം നടന്ന് വരുന്നത്.