ഹജ്ജ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി മക്കയിലും പുണ്ണ്യ സ്ഥലങ്ങളിലും നടന്ന് വരുന്ന വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന്റെ പ്രാധാന്യം ഗവർണ്ണർ ഊന്നിപ്പറഞ്ഞു
സൗദിയിൽ അടുത്ത വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. അടുത്ത ഉംറ സീസൺ ആരംഭിക്കുന്നതിന് മുമ്പായി ഒരുക്കങ്ങൾ പൂർത്തീകരിക്കുവാൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. മക്ക ഗവർണ്ണറുടെ അധ്യക്ഷതിയിൽ നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.
മക്ക ഗവർണ്ണറും കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അടുത്ത വർഷത്തേക്കുള്ള ഹജ്ജ് ഒരുക്കങ്ങൾ ചർച്ച ചെയ്തത്. ഹജ്ജ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി മക്കയിലും പുണ്ണ്യ സ്ഥലങ്ങളിലും നടന്ന് വരുന്ന വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന്റെ പ്രാധാന്യം ഗവർണ്ണർ ഊന്നിപ്പറഞ്ഞു. അടുത്ത ഹജ്ജ് ഉംറ സീസണിൽ തീർത്ഥാടകർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് കഴിഞ്ഞ ഹജ്ജ് കർമ്മങ്ങളെ വിജയകരമായി പൂർത്തീകരിക്കാൻ സഹകരിച്ച എല്ലാ മേഖലകൾക്കും അദ്ദേഹം നന്ദി അറിയിച്ചു. മക്കയെ സ്മാർട്ട് നഗരമായി മാറ്റുന്ന പദ്ധതി നേരത്തെ ആരംഭിച്ചിട്ടുണ്ട്. ഇതിനായുള്ള പ്രവർത്തനങ്ങൾ തുടർന്ന് വരികയാണ്. അടുത്ത ഉംറ സീസൺ ആരംഭിക്കുന്നതിന് മുമ്പായി ആവശ്യമായ ഒരുക്കങ്ങൾ പൂർത്തീകരിക്കണമെന്നും ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ഹജ്ജ് ഉംറ മന്ത്രാലയത്തിന് നിർദ്ദേശം നൽകി.