International

നാളെ മുതൽ സൌദി ഡിജിറ്റൽ പണമിടപാടിലേക്ക്

മുഴുവൻ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലും നാളെ മുതൽ ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനം പ്രാബല്യത്തിൽ വരും

നാളെ മുതൽ സൌദി അറേബ്യ ഡിജിറ്റൽ പണമിടപാടിലേക്ക് മാറും. മുഴുവൻ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലും നാളെ മുതൽ ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനം പ്രാബല്യത്തിൽ വരും. പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഘട്ടം ഘട്ടമായി ഇ-പെയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്ന പദ്ധതി കഴിഞ്ഞ വർഷം ജൂലൈ മാസം മുതലാണ് ആരംഭിച്ചത്. നേരിട്ടുളള പണമിടപാട് കുറക്കുകയും, ബിനാമി ഇടപാടുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതി.

ഈ മാസത്തോടെ രാജ്യത്തെ എല്ലാ കച്ചവട സ്ഥപാനങ്ങളലിും നിർബന്ധമായും ഇലക്ട്രോണിക് പെയ്മെൻ്റ് സംവിധാനം ഉപയോഗിക്കണമെന്ന് വ്യാപാര മന്ത്രാലയവും, തീവ്രവാദ വിരുദ്ധ പ്രോഗ്രാമും നേരത്തെ അറിയിച്ചിരുന്നു. ഇതിനായി വാണിജ്യ നിക്ഷേപ മന്ത്രാലയം, മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം, സൗദി അറേബ്യന്‍ നാണയ ഏജന്‍സി തുടങ്ങിയവയുടെ സഹകരണത്തോടെ 14 മാസത്തിനകം പൂർത്തീകരിക്കാനാകും വിധം ആരംഭിച്ച പദ്ധതിയുടെ പൂർത്തീകരണമാണ് നാളെ മുതൽ പ്രാബല്യത്തിലാകുന്നത്. ഇതിൻ്റെ മുന്നോടിയായി ഉപഭോക്താക്കൾക്ക് ഗുണപരമായ നിരവധി ചട്ടങ്ങളും സൗദി അറേബ്യൻ മോണിറ്ററി ഏജൻസി കഴിഞ്ഞ മാസം പുറത്തിറക്കി. ഉപഭോക്താവ് എ.ടി.എം കാർഡുപയോഗിച്ച് പണമടച്ച ശേഷം ഇടപാട് റദ്ധാക്കുകയാണെങ്കിൽ 24 മണിക്കൂറിനകം പണം അക്കൗണ്ടിലേക്ക് തന്നെ തിരിച്ച് നിക്ഷേപിക്കണമെന്നും. പണമടച്ചത് ക്രഡിറ്റ് കാർഡ് ഉപയോഗിച്ചാണെങ്കിൽ 14 പ്രവൃത്തി ദിവസങ്ങൾക്കുള്ളിലും തിരിച്ചടക്കണമെന്നും സമ അറിയിച്ചു.