International

സൗദിയില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കും ജോലിക്ക് ഹാജരാകാനും പ്രവിശ്യാ യാത്രക്കും അനുമതി: പള്ളികളിലെ നമസ്കാരത്തിന് അനുമതി; ജൂണ്‍ 21 മുതല്‍ രാജ്യം സാധാരണ ജീവിതത്തിലേക്ക് മാറും

മക്ക ഒഴിച്ചുള്ള രാജ്യത്തെ ആരാധനാലയങ്ങളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കും അനുമതി നല്‍കി

സൗദിയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഹാജരാകുന്നതിനുള്ള നിയന്ത്രണം മന്ത്രാലയം നീക്കി. വ്യാഴാഴ്ച മുതല്‍ എല്ലാവര്‍ക്കും ജോലിക്ക് ഹാജരാകാം. മുന്‍കരുതലോടെ വേണം ജോലിക്ക് ഹാജരാകാന്‍. രാജ്യത്തെ എല്ലാ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം.

ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും എടുത്തു കളഞ്ഞു. വിമാന സര്‍വീസുകള്‍ മുന്‍കരുതലോടെയാകും ഘട്ടം ഘട്ടമായി നടപ്പിലാക്കുക. രാജ്യത്തെ പ്രവിശ്യകളില്‍ തമ്മിലുള്ള യാത്രാ വിലക്കും ഭാഗികമായി പിന്‍വലിച്ചു. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ആളുകള്‍ക്ക് പ്രവിശ്യകള്‍ക്കിടയിലും നഗരങ്ങള്‍ തമ്മിലും യാത്ര നടത്താം. രാവിലെ ആറിനും വൈകീട്ട് മൂന്നിനും ഇടയിലേ ഈ യാത്ര അനുവദിക്കൂ.

രണ്ടാം ഘട്ടം മെയ് 31 മുതലാണ്. അന്ന് രാവിലെ ആറു മുതല്‍ വൈകീട്ട് എട്ട് വരെ പ്രവിശ്യകള്‍ക്കിയില്‍ സഞ്ചരിക്കാം. എന്നാല്‍ മക്കയിലേക്കുള്ള യാത്രാ വിലക്കും ഉംറ നിര്‍ത്തി വെച്ചതും തുടരും. ജൂണ്‍ 21 മുതല്‍ രാജ്യം സാധാരണ നിലയിലേക്ക് എത്തും. അന്ന് മുതല്‍ മക്കയൊഴികെയുള്ള സ്ഥലങ്ങളില്‍ എല്ലാവര്‍ക്കും എല്ലായിടത്തേക്കും സഞ്ചരിക്കാം. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന തിയതി പ്രഖ്യാപിച്ചിട്ടില്ല.

മക്ക ഒഴിച്ചുള്ള രാജ്യത്തെ ആരാധനാലയങ്ങളിലും ഞായറാഴ്ച മുതല്‍ പ്രാര്‍ത്ഥനകള്‍ക്കും അനുമതി നല്‍കി. ഇതിനും മന്ത്രാലയം ചട്ടങ്ങള്‍ വെക്കും. റസ്റ്റോറന്റുകളിലും കഫേകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലും ഇളവ് അനുവദിച്ചു. എല്ലാവര്‍ക്കും മന്ത്രാലയം അറിയിക്കുന്ന ചട്ടങ്ങള്‍ക്ക് വിധേയമായി ആളുകളെ അകത്ത് പ്രവേശിപ്പിച്ച് പ്രവര്‍ത്തിക്കാം.

ബാര്‍ബര്‍ ഷോപ്പുകള്‍, ജിം, സിനിമ, വിവാഹങ്ങള്‍, വിനോദ പരിപാടികള്‍, സല്‍ക്കാരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ക്കുമുള്ള വിലക്ക് തുടരും. അമ്പതിലേറെ പേര്‍ കൂടുന്ന ഒരു പരിപാടികളും അനുവദിക്കില്ല.