International

സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക്

എന്നാല്‍ നിലവില്‍ അരലക്ഷത്തിലധികം പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്, ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളവരും സുഖം പ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്

സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷത്തോടടുക്കുന്നു. എന്നാല്‍ നിലവില്‍ അരലക്ഷത്തിലധികം പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളവരും സുഖം പ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് 37 പേരാണ് സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള രോഗികള്‍ സുഖം പ്രാപിക്കുന്നതായ റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

ഇതിന്റെ തുടര്‍ച്ചായായി ഇന്നും 18 പേര്‍ കൂടി അത്യാസന്ന നില തരണം ചെയ്തു. ഇതോടെ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം 2,188 കുറഞ്ഞു. കൂടാതെ ഇന്നും 3,539 പേര്‍ക്ക് കോവിഡ് ഭേദമായതോടെ, ആകെ രോഗം ഭേദമായവരുടെ എണ്ണം 1,91,161 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളുടെ തുടര്‍ച്ചയായി ഇന്നും പുതിയ രോഗികളുടെ എണ്ണത്തില്‍ പ്രകടമായ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് രോഗം സ്ഥിരീകരിച്ച 2,613 പേരുള്‍പ്പെടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,45,851 ആയി. എന്നാല്‍ അമ്പത്തി രണ്ടായിരത്തിലധികം (52,283) പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് 37 പേരാണ് സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണ സംഖ്യ 2,407 ലെത്തി. ഇന്ന് അറുപത്തി അയ്യായിരിത്തിലധികം (65,549) സാമ്പിളുകള്‍ കൂടി പരിശോധിച്ചതോടെ രാജ്യത്തെ ആകെ പരിശോധന ഇരുപത്തി അഞ്ച് ലക്ഷത്തി അറുപതിനായിരം (25,60,422) കവിഞ്ഞിട്ടുണ്ട്.