സൗദിയിലെ സ്പോൺസർഷിപ്പ് സംവിധാനത്തിൽ വന്ന മാറ്റം ബാധകമാകാത്ത അഞ്ചു വിഭാഗങ്ങൾക്കുള്ള നിയമം പ്രത്യേകം പുറത്തിറക്കും. റീ എൻട്രി, എക്സിറ്റ് എന്നിവ നടപ്പാക്കുന്ന രീതിയും മന്ത്രാലയം വിശദീകരിച്ചു. തൊഴിലാളിയും സ്പോൺസറും തമ്മിലുള്ള കരാർ മന്ത്രാലയത്തിൽ സമർപ്പിക്കണം. ഇതിനാൽ ഇരു വിഭാഗത്തിന്‍റേയും ബന്ധം വഷളാകാത്ത രൂപത്തിലാകും പുതിയ സംവിധാനം പ്രവർത്തിക്കുക.
കഴിഞ്ഞ ദിവസമാണ് അരനൂറ്റാണ്ട് പഴക്കമുള്ള സ്പോൺസർഷിപ്പ് സംവിധാനം തൊഴിൽ കരാറാക്കി മാറ്റിയത്. ഇത് അടുത്ത വർഷം മാർച്ച് 14 മുതൽ പ്രാബല്യത്തിലാകും. റീഎൻട്രി, എക്സിറ്റ്, ജോലി മാറ്റം എന്നിവ തൊഴിലാളിക്ക് ഓൺലൈൻ വഴി ചെയ്യാമെന്നതാണ് സംവിധാനത്തിലെ പ്രധാന നേട്ടം. ഇത് നടപ്പാക്കുന്ന രീതി മന്ത്രാലയം വിശദീകരിച്ചു. റീഎൻട്രി, എക്സിറ്റ്, തൊഴിൽ മാറ്റം എന്നിവ ഉണ്ടാകുമ്പോൾ അക്കാര്യം തൊഴിലുടമയെ ആദ്യം അറിയിക്കണം. തൊഴിൽ കരാർ ലംഘിച്ചാകരുത് മാറ്റങ്ങൾ.
റീ എൻട്രി, എക്സിറ്റ്, തൊഴിൽ മാറ്റം എന്നിവ പ്രവാസികൾക്ക് അബ്ഷീർ വഴി ചെയ്യാം. ഇത് ചെയ്യുമ്പോൾ തൊഴിലുടമയായ വ്യക്തിക്കോ കമ്പനിക്കോ ഇക്കാര്യം സന്ദേശമായി ലഭിക്കും. പണമിടപാടുകളോ മറ്റെന്തെങ്കിലും നടപടി ക്രമങ്ങളോ പൂർത്തിയാക്കാനുണ്ടെങ്കിൽ കമ്പനിക്ക് ഇവരുടെ റീ എൻട്രിയും, എക്സിറ്റും, ജോലി മാറ്റവും തടഞ്ഞു വെക്കാം. എന്നാൽ നിയമ വിരുദ്ധമായാണ് തടഞ്ഞതെങ്കിൽ സ്പോൺസറായ കമ്പനിക്കോ വ്യക്തിക്കോ എതിരെ മന്ത്രാലയം നടപടിയെടുക്കും. ഇടപാടുകൾ ബാക്കി നിൽക്കെ കമ്പനിയോ എക്സിറ്റോ നേടാനാണ് തൊഴിലാളി ശ്രമിച്ചതെന്ന് ബോധ്യപ്പെട്ടാൽ വ്യക്തിക്കെതിരെയും നടപടിയുണ്ടാകും. അതായത്, ജോലിക്ക് പ്രവേശിക്കുന്ന സമയത്ത് തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാറാണ് പരാതികളില്‍ നടപടിയെടുക്കാൻ പരിശോധിക്കുക.
ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് തന്നെ കരാർ മന്ത്രാലയത്തിന്‍റെ പോർട്ടലിൽ അപ്‍ലോഡ് ചെയ്യണം. ശമ്പളമടക്കം നൽകുന്നതും പോർട്ടലിൽ അപ്‍ലോഡ് ചെയ്യണം. അതായത് എന്ത് പരാതിയിലും ഇനി മന്ത്രാലയത്തിന്‍റെ കയ്യിൽ രേഖയുണ്ടാകും. ഇരുകൂട്ടരുടേയും അവകാശങ്ങൾ സംരക്ഷിക്കാനാണിത്. ഈ അവകാശങ്ങൾ വീട്ടുജോലിക്കാർ, ഹൗസ് ഡ്രൈവർമാർ, വീട്ടു കാവൽക്കാർ, തോട്ടം ജീവനക്കാർ, ആയമാർ എന്നിവർക്ക് ബാധകമല്ല. ഇവർക്കായി പ്രത്യേക നിയമം ഉടൻ പുറത്തിറക്കും.