International

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് സ്ഥാനമൊഴിയുന്നു

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്ബീ സാൻഡേഴ്സ് സ്ഥാനമൊഴിയുന്നു. മൂന്നര വർഷത്തെ സേവനത്തിന് ശേഷമാണ് സാറാ സ്ഥാനമൊഴിയുന്നത്. ജൂൺ അവസാനത്തോടെ സ്ഥാനത്തു നിന്ന് ഒഴിയുമെന്ന വാർത്ത യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. ട്രംപിന്റെ സീനിയർ ഉപദേശകാരിലൊരാളും വിശ്വസ്തയുമായി മാറിയ സാൻഡേഴ്സ് പലപ്പോഴും ഉന്നത തല മീറ്റിങ്ങുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു

പ്രസ് സെക്രട്ടറി എന്ന നിലയിൽ സാറാ സാൻഡേഴ്സ് മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. സ്വന്തം സംസ്ഥാനമായ അർകൻസാസിലേക്ക് പോകുന്ന സാറാ, അവിടെ ഗവർണർ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് കരുതുന്നു -എന്നാണ് ട്രംപിന്‍റെ ട്വീറ്റ്.

വിടവാങ്ങൽ സംബന്ധിച്ച് വളരെ വികാരപരമായാണ് സാറാ പ്രതികരിച്ചത്. തനിക്ക് പ്രസിഡന്റിന് സേവനം ചെയ്യാനുള്ള അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും ട്രംപിനെയും തന്റെ ജോലിയെയും സ്നേഹിക്കുന്നതായി സാറാ പറഞ്ഞു. തന്റെ മൂന്നു കുട്ടികളെ സേവിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ജോലിയൊന്നും അത് കൊണ്ട് തന്നെ ഇപ്പോൾ വീട്ടിലേക്ക് മടങ്ങാൻ സമയമായെന്നും അവർ ട്വിറ്ററിൽ കുറിച്ച് . അതേസമയം, ഭാവി പരിപാടികളെ കുറിച്ച് അവർ പ്രതികരിച്ചില്ല.