കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 90 ശതമാനം വിജയകരമെന്ന് റിപ്പോർട്ടുകൾ.
ജര്‍മന്‍ മരുന്ന് കമ്പനിയായ ബയേൺടെക്കുമായി സഹകരിച്ച് കോവിഡ് വാക്സിൻ വികസിപ്പിക്കുന്ന ഫൈസര്‍ ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ശാസ്ത്രത്തിന്റെയും മനുഷ്യവംശത്തിന്റെയും മഹത്തായ ദിനം എന്നാണ് ഇതേക്കുറിച്ച് വാക്സിൻ നിർമാതാക്കളായ യു.എസ് മരുന്ന് കമ്പനിയായ ഫൈസർ വിശദീകരിച്ചത്.
ആറ് രാജ്യങ്ങളിലായി 43,500 ആളുകളിലാണ് ഇതുവരെ ഈ കോവിഡ് വാക്സിൻ പരീക്ഷിച്ചത്. വാക്സിൻ പരീക്ഷിച്ചവരിൽ യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉഉണ്ടായില്ലെന്നും ഫൈസർ വ്യക്തമാക്കി. കോവിഡിനെ പ്രതിരോധിക്കുന്നതിൽ വാക്സിന്റെ മികവ് വ്യക്തമാക്കുന്നതാണ് മൂന്നാംഘട്ട പരീക്ഷണങ്ങളിലെ ആദ്യഫലങ്ങളെന്ന് ഫൈസര്‍ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ആൽബർട്ട് ബൗർല അറിയിച്ചു.
ഫൈസർ വികസിപ്പിച്ചെടുത്ത വാക്സിന്റെ രണ്ടാം ഡോസ് ഉപയോഗിച്ച് ഏഴു ദിവസം പിന്നിടുമ്പോൾ പ്രതിരോധ ശേഷി ലഭിക്കുന്നതായാണ് ആദ്യ ഘട്ട പരീക്ഷണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. യു.എസ്, ജർമനി, ബ്രസീൽ, അർജന്റീന, ദക്ഷിണാഫ്രിക്ക, തുർക്കി എന്നീ രാജ്യങ്ങളിലാണ് ഫൈസറിന്റെ കോവിഡ് വാക്സിൻ പരീക്ഷിച്ചത്. 90 ശതമാനം ആളുകളിലും വാക്സിൻ ഫലപ്രദമായിരുന്നു. ഈവർഷം അവസാനത്തോടെ 50 ദശലക്ഷം ഡോസ് മരുന്ന് വിതരണം ചെയ്യാനാകുമെന്ന് കരുതുന്നതായും കമ്പനി പറയുന്നു.