International

ഓക്‌സ്ഫോര്‍ഡ് കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം

വാക്‌സിന്‍ പ്രയോഗിച്ച ആളുകളില്‍ കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധം ആര്‍ജിച്ചതായി മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓക്‌സ്‌ഫോര്‍ഡില്‍ നിന്നുള്ള കൊറോണ വൈറസ് വാക്‌സിനെക്കുറിച്ച് ശുഭവാര്‍ത്ത. വാക്‌സിന്‍ പ്രയോഗിച്ച ആളുകളില്‍ കൊറോണ വൈറസിനെതിരെ ശരീരം, പ്രതിരോധം ആര്‍ജിച്ചതായി മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്സിൻ ട്രയലിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളുടെ റിപ്പോർട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

1,077 പേരിലാണ് പരീക്ഷണം നടന്നത്. ഇവരില്‍ വൈറസിനെതിരായ ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിന്റെ പരീക്ഷണ ഫലങ്ങള്‍ ശുഭസൂചന തരുന്നുവെങ്കിലും വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. അതേസമയം ഇതുവരെ നടത്തിയ പഠനങ്ങളിൽ ഗൗരവമായ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളില്‍ മുന്‍പന്തിയിലായിരുന്നു ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല. അതേസമയം വാക്സിന്‍ എന്ന് വിപണയില്‍ എത്തുമെന്നതിനെ കുറിച്ച് കൃത്യമായ തീയതി ഇപ്പോള്‍ പറയാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു. സെപ്റ്റംബറോടെ വിപണിയില്‍ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. ബ്രിട്ടൻ, ചൈന, ഇന്ത്യ, യുഎസ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഒരു ഡസനിലധികം വ്യത്യസ്ത വാക്സിനുകൾ ഇപ്പോൾ പരിശോധനയുടെ വിവിധ ഘട്ടങ്ങളിലാണ്.