International

ഓക്‌സ്ഫഡ് വാക്‌സിനും വിജയകരമെന്ന് റിപ്പോര്‍ട്ട്; പ്രായമായവരിലും ഫലപ്രദം

ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രസെനക ഉത്പാദിപ്പിക്കുന്ന കോവിഡ് വാക്സിന്‍ മികച്ച ഫലങ്ങള്‍ തരുന്നതായി റിപ്പോര്‍ട്ടുകള്‍. ആഴ്ചകള്‍ക്കുള്ളില്‍ അവസാനഘട്ട പരീക്ഷണത്തിന്റെ സുപ്രധാന ഫലം പുറത്തുവരുമെന്നാണ് കരുതുന്നത്.

വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലിലിലൂടെയാണ് വാക്‌സിന്‍ പരീക്ഷണത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. പ്രായമായവരിലും ചെറുപ്പക്കാരിലും സമാനമായ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുമെന്ന് ഓക്സ്ഫഡ് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 70 വയസിന് മുകളിലുള്ള 240 പേരുള്‍പ്പെടെ 560 പേരിലാണ് വാക്സിന്‍ പരീക്ഷിച്ചിരുന്നത്.

മൂന്നാംഘട്ട പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസറിന്റെ വാക്സിന് ഒപ്പമെത്താന്‍ ആസ്ട്ര-ഓക്സ്ഫോര്‍ഡ് വാക്സിന് കഴിയുമോ എന്ന് അവസാനഘട്ട പരീക്ഷണ ഫലങ്ങള്‍ കഴിഞ്ഞതിന് ശേഷമേ അറിയൂ. മറ്റൊരു അമേരിക്കന്‍ കമ്പനിയായ മൊഡേണയുടെ വാക്സിനും അവസാനഘട്ടത്തിലാണ്.