International

നൊവാക് ജോക്കോവിച്ചിന്റെ വിസ നിഷേധിച്ച് ഓസ്ട്രേലിയ, മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞു

ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ നിഷേധിച്ച് ഓസ്ട്രേലിയ. താരത്തെ മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞു. ഇന്ന് സെർബിയയിലേക്ക് മടക്കിയയക്കും. വാക്സിൻ എടുക്കാത്തതിനെ തുടർന്നാണ് നടപടി.

കൊവിഡ് പ്രതിരോധ വാക്സിൻ എടുക്കാതെ ഓസ്ട്രേലിയൻ ഓപ്പൺ ഇത്തവണ കളിക്കാൻ സാധിക്കില്ല. മെൽബൺ സ്ഥിതി ചെയ്യുന്ന ഓസ്ടേലിയയിലെ വിക്ടോറിയ സ്റ്റേറ്റിൽ കായിക താരങ്ങൾക്ക് വാക്സിൻ നിർബന്ധമാക്കിയിരിക്കുകയാണ്.

വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് വാക്സിൻ എടുക്കണോ വേണ്ടയോ എന്നതെന്നും ആർക്കും ആരെയും ബ്ലാക്ക്മെയിൽ ചെയ്യാൻ സാധിക്കില്ലെന്നും ജോക്കോവിച്ചിന്റെ പിതാവ് വ്യക്തമാക്കിയിരുന്നു. വാക്സിൻ നിർബന്ധമാക്കിയ പശ്ചാത്തലത്തിൽ ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് വിട്ടു നിന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആരും ആരെയും ബ്ലാക് മെയിൽ ചെയ്യുന്നില്ലെന്നും ജനങ്ങളുടെ സംരക്ഷണവും സുരക്ഷയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും വിക്ടോറിയ കായിക മന്ത്രി മാർട്ടിൻ പകുല വ്യക്തമാക്കി. സീസണിലെ ആദ്യ ഗ്രാൻസ്ലാം ആയ ഓസ്ട്രേലിയൻ ഓപ്പൺ 2022 ജനുവരി 17 മുതൽ 30 വരെ മെൽബൺ പാർക്കിൽ ആണ് അരങ്ങേറുക.