International

ചൈനയില്‍‌ പുതിയ വൈറസ് കണ്ടെത്തി; സൂക്ഷ്മതയില്ലെങ്കില്‍ അതിവേഗം വ്യാപിക്കും, മഹാമാരിയാവാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്

മനുഷ്യരില്‍ അതിവേഗം പടര്‍ന്നേക്കാവുന്ന പുതിയ രോഗാണുവാണ് ചൈനയില്‍ കണ്ടെത്തിയത്

കോവിഡിനെ ഇനിയും വരുതിയാക്കാന്‍ കഴിയാതെ വൈറസിനെതിരെ പടപൊരുതിക്കൊണ്ടിരിക്കുമ്പോള്‍ ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തി മറ്റൊരു വൈറസ്. കൊറോണ വൈറസിന്‍റെ ഉത്ഭവസ്ഥാനമെന്ന് കരുതുന്ന ചൈനയില്‍ നിന്നുമാണ് പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരില്‍ അതിവേഗം പടര്‍ന്നേക്കാവുന്ന പുതിയ രോഗാണുവാണ് ചൈനയില്‍ കണ്ടെത്തിയത്. സൂക്ഷ്മതയില്ലെങ്കില്‍ വൈറസ് ലോകം മുഴുവന്‍ അതിവേഗം വ്യാപിച്ചേക്കുമെന്നും മറ്റൊരു മഹാമാരിയാകുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പന്നികളില്‍ വ്യാപിക്കുന്ന വൈറസാണ് മനുഷ്യരില്‍ കണ്ടെത്തിയത്. തത്കാലം ഭീഷണിയില്ലെങ്കിലും സൂക്ഷ്മ നിരീക്ഷണം നടത്തണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജി 4 എന്നാണ് പുതിയ വൈറസിന് നല്‍കിയിരിക്കുന്ന പേര്. എച്ച് വണ്‍ എന്‍ വണ്‍ വംശത്തില്‍പ്പെട്ടതാണ് ജി 4 വൈറസ് എന്നാണ് അമേരിക്കന്‍ സയന്‍സ് ജേര്‍ണലായ പിഎന്‍എഎസ്(PNAS) പറയുന്നത്.

2011-2018 കാലഘട്ടത്തിനിടയില്‍ ചൈനയില്‍ നിന്ന് 30000 പന്നികളുടെ സ്രവം പരിശോധനയ്ക്ക് ശേഖരിച്ചിരുന്നു. ഇതില്‍ നിന്ന് പന്നിപ്പനി പടര്‍ത്തുന്ന 179 വൈറസിനെ വേര്‍തിരിച്ചെടുത്തു. 2016 മുതല്‍ വ്യാപകമായ തോതില്‍ പന്നികളില്‍ ഈ വൈറസിനെ കണ്ടുവരുന്നതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.