അമേരിക്കൻ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായും വൈസ് പ്രസിഡൻ്റ് കമല ഹാരിസുമായും ചർച്ച നടത്തും. ന്യൂയോർക്ക്, വാഷിംഗ്‌ടൺ എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ഈ സന്ദർശനം ഉപകരിക്കുമെന്ന് കരുതുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. (Modi Biden Kamala Harris)
കൊവിഡുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ നടത്തുന്ന ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് മോദിയുടെ ആദ്യ അജണ്ട. ജനുവരിയിൽ അധികാരത്തിലെത്തിയതിനു ശേഷം ബൈഡനും മോദിയും തമ്മിലുള്ള ആദ്യ മുഖാമുഖ കൂടിക്കാഴ്ചയാവും ഇത്. സെപ്തംബർ 24ന് ഇരുവരും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. തീവ്രവാദം, അഫ്ഗാനിസ്ഥാൻ പ്രശ്നം എന്നിവയൊക്കെ കൂടിക്കാഴ്ചയിൽ ചർച്ചയാവും.
വൈസ് പ്രസിഡൻ്റ് കമല ഹാരിസുമായും മോദി കൂടിക്കാഴ്ച നടത്തും. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാവും ഇത്. ശാസ്ത്ര സാങ്കേതിക വിദ്യയിലെ പരസ്പര സഹകരണം ഈ കൂടിക്കാഴ്ചയിൽ ചർച്ചയാവും.
ബൈഡനൊപ്പം ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗ എന്നിവർ കൂടി പങ്കെടുക്കുന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിലും മോദി പങ്കെടുക്കും.