International

ബഹിരാകാശത്ത് യാത്ര നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി തൊണ്ണൂറുകാരനായ വില്യം ഷാറ്റ്നർ

ബഹിരാകാശത്ത്  യാത്ര നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി വില്യം ഷാറ്റ്നർ. നാല് പതിറ്റാണ്ടായി ‘സ്റ്റാർ ട്രെക്കിൽ’ ക്യാപ്റ്റൻ ജെയിംസ് ടി. കിർക്ക് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തി നേടിയ തൊണ്ണൂറുകാരനാണ് ഷാറ്റ്നർ. ജെഫ് ബെസോസിന്റെ റോക്കറ്റ് കമ്പനിയായ ബ്ലൂ ഒർജിൻ വികസിപ്പിച്ചെടുത്ത ‘ന്യൂ ഷെപ്പേർഡ്’ ബഹിരാകാശ പേടകത്തിലാണ് ഷാറ്റ്നർ പറന്നുയർന്നത്. ജീവിതത്തിൽ ഇതുവരെ അനുഭവിച്ചതിൽ ഏറ്റവും അത്ഭുതകരമായ അനുഭവമാണ് യാത്ര നൽകിയത് എന്ന് ലാൻഡിങ്ങിന് ശേഷം വില്യം ഷാറ്റ്നർ പറഞ്ഞു. ബഹിരാകാശത്ത് 11 മിനിറ്റ് യാത്രയാണ് അദ്ദേഹം നടത്തിയത്.

ആജീവനാന്ത “സ്റ്റാർ ട്രെക്ക്” ആരാധകനായ ബെസോസ്, ഷാറ്റ്നറെ അതിഥിയായി യാത്ര നടത്താൻ ക്ഷണിക്കുകയായിരുന്നു. അദ്ദേഹത്തോടൊപ്പം മൂന്ന് ജീവനക്കാരും ഉണ്ടായിരുന്നു: സാറ്റലൈറ്റ് കമ്പനിയായ പ്ലാനറ്റ് ലാബ്സിന്റെ സഹസ്ഥാപകനായ ക്രിസ് ബോഷുസൈൻ, സോഫ്റ്റ് വെയർ എക്സിക്യൂട്ടീവ് ഗ്ലെൻ ഡി വ്രീസ്, ബ്ലൂ ഒർജിൻ  മിഷൻ, ഫ്ലൈറ്റ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ഓഡ്രി പവേർസ്.  

മൂന്ന് മാസം മുമ്പ് 82-കാരനായ വാലി ഫങ്ക് സ്ഥാപിച്ച ബഹിരാകാശ യാത്ര നടത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന  റെക്കോർഡാണ് വില്യം ഷാറ്റ്നർ ഇപ്പോൾ  കരസ്ഥമാക്കിയത്.