വികാരഭരിതനായി ഉത്തര കൊറിയക്കാരോട് മാപ്പ് പറഞ്ഞ് ഭരണാധികാരി കിം ജോങ് ഉന്‍. കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയാത്തതിലാണ് കിം മാപ്പ് പറഞ്ഞു. പ്രസംഗത്തിനിടെ കിം കണ്ണട മാറ്റി കണ്ണീര്‍ തുടച്ചെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭരണകക്ഷി പാര്‍ട്ടിയുടെ 75-ാം ദിനാഘോഷ വേളയിലായിരുന്നു കിമ്മിന്റെ മാപ്പ് പറച്ചിലും കണ്ണീര്‍ വാര്‍ക്കലും.രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള സുപ്രധാന ഉത്തരവാദിത്തമാണ് തന്നില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നും ജനങ്ങളെ ബുദ്ധിമുട്ടില്‍നിന്നു കരകയറ്റാന്‍ തന്റെ ശ്രമങ്ങള്‍ പര്യാപ്തമായിട്ടില്ലെന്നും കിം പറഞ്ഞു. തന്റെ പൂര്‍വികര്‍ രാജ്യത്തിനു ചെയ്ത മഹത്തായ കാര്യങ്ങളുടെ പൈതൃകം കിം ഊന്നിപ്പറയുകയും ചെയ്തു.
കോവിഡ് മഹാമാരിയില്‍ ലോകമെങ്ങും വെല്ലുവിളി നേരിടുന്നത് കിമ്മിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. ദക്ഷിണ കൊറിയയുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകാനുള്ള താല്‍പര്യം പ്രകടിപ്പിച്ച കിം യുഎസിനെ നേരിട്ടു വിമര്‍ശിക്കാതിരുന്നതും ശ്രദ്ധേയമായി. ശനിയാഴ്ച നടന്ന ഉത്തര കൊറിയയുടെ സൈനിക പരേഡില്‍ രാജ്യത്തെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പ്രദര്‍ശിപ്പിച്ചിരുന്നു