ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങിലെ എല്ലാ വളർത്തുനായ്ക്കളെയും കസ്റ്റഡിയിലെടുക്കാൻ ഭരണാധികാരി കിം ജോങ് ഉൻ ഉത്തരവിട്ടു എന്ന് റിപ്പോർട്ട്. രാജ്യത്ത് ഭക്ഷ്യക്ഷാമം വർധിക്കുകയാണെന്നും ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യാനായി വളർത്തു നായ്ക്കളെ കസ്റ്റഡിയിലെടുക്കണമെന്നും കിം ഉത്തരവിട്ടു എന്ന് രാജ്യാന്തര വാർത്താമാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നായ്ക്കളെ വളർത്തുന്നത് മുതലാളിത്ത ജീർണനമാണെന്നും ബൂർഷ്വാ പ്രത്യയശാസ്ത്രത്തിന്റെ കളങ്കിതമായ പ്രവണതയാണെന്നും കിം പറഞ്ഞു എന്നും റിപ്പോർട്ടുകളുണ്ട്.
വളർത്തുനായ്ക്കളുള്ള വീടുകൾ അധികൃതർ കണ്ടെത്തിക്കഴിഞ്ഞു. ഒന്നുകിൽ ഉടമകൾക്ക് സ്വമേഥയാ ഇവയെ വിട്ടുനൽകാം. അല്ലെങ്കിൽ അധികൃതർ ബലം പ്രയോഗിച്ച് നായ്ക്കളെ കൊണ്ടുപോകും. ഇവരിൽ ചിലരെ മൃഗശാലകളിലേക്കും മറ്റു ചിലരെ പട്ടിയിറച്ചി ആക്കാനായി റെസ്റ്റോറൻ്റുകളിലേക്കോ അയക്കും. ജൂലായ് മുതൽ രാജ്യത്ത് നായ്ക്കളെ വളർത്തുന്നത് നിയമവിരുദ്ധമാണ്.
ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ 25.5 മില്ല്യൺ ആളുകൾ ഭക്ഷ്യക്ഷാമം അനുഭവിക്കുന്നുണ്ട്. ആണവ മിസൈൽ പദ്ധതികളുടെ പേരിൽ മറ്റു രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം സ്ഥിതി വഷളാക്കിയിരുന്നു.
കൊറിയയിലെ സുപ്രധാന ഭക്ഷണമാണ് പട്ടിമാംസം. പ്രതിവർഷം ഒരു മില്ല്യൺ പട്ടികൾ മാംസത്തിനായി രാജ്യത്ത് കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്.
കഴിഞ്ഞ ഏപ്രിൽ 15 മുതൽ കിമ്മിൻ്റെ ആരോഗ്യസ്ഥിതി മോശമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന തരത്തിൽ വരെ വാർത്തകൾ പ്രചരിച്ചു. എന്നാൽ, 20 ദിവസങ്ങൾക്ക് ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് കിം അഭ്യൂഹങ്ങൾക്ക് മറുപടി നൽകി. സഞ്ചിയോണിലുള്ള വളം ഫാക്ടറി പണി പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനത്തിനാണ് അദ്ദേഹം എത്തിയത്. സഹോദരിക്കും, മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പമാണ് കിം ഉദ്ഘാടനത്തിനെത്തിയത്.