കാബൂൾ വിമാനത്താവളത്തിൽ വെടിവയ്പ്പ്. നിരവധി പേർ മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹമീദ് കർസായ് രാജ്യാന്തര വിമാനത്താവളത്തിൽ വെടുവയ്പ്പ് തുടരുന്നെന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. (kabul airport firing)
രാജ്യം വിടാൻ എത്തിയവരുടെ തിക്കും തിരക്കനെയും തുടർന്നാണ് കാബൂൾ വിമാനത്താവളത്തിൽ വെടിവെയ്പ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. കാബൂൾ നഗരം താലിബാൻ പിടിച്ചെടുത്തതോടെ രാജ്യത്തുനിന്നും രക്ഷപ്പെടുത്തതിനായി ആളുകൾ കൂട്ടമായെത്തിയതാണ് സംഘർഷത്തിനിടയാക്കിയത്. തിക്കും തിരക്കും നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവയ്‌ക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
തുടർന്ന് വിമാനത്താവളം അടച്ചിട്ട് മുഴുവൻ സർവ്വീസുകളും നിർത്തിവെച്ചു. എന്നാൽ വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തിട്ടുണ്ട്. കാനഡയും അമേരിക്കയും ഹെലികോപ്ടർ മാർഗമാണ് എംബസ്സി ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്.
ഇന്നലെ രാവിലെയോടെ താലിബാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ ഉച്ചയോടെയാണ് അഫ്ഗാൻ സർക്കാർ താലിബാന് കീഴടങ്ങിയെന്ന വാർത്ത പുറത്തു വരുന്നത്. താലിബാൻ കാബൂൾ വളഞ്ഞപ്പോൾ തന്നെ അഫ്ഗാൻ സർക്കാർ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിന് പിന്നാലെയാണ് അഷ്റഫ് ഗനി രാജ്യം വിട്ടെന്ന വാർത്ത പുറത്ത് വന്നത്.
ഇന്ന് അഫ്ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് ദേശീയ പതാക താലിബാൻ നീക്കി. പകരം താലിബാൻ പതാക സ്ഥാപിച്ചു. താലിബാൻ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരണ ചർച്ച അന്തമിഘട്ടത്തിലാണ്. അഫ്ഗാനിസ്താനിലെ പ്രധാന ഓഫിസുകളുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. ഭരണത്തിന് മൂന്നംഗ താത്കാലിക സമിതിയെ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ താലിബാൻ അംഗവുമുണ്ട്. മുൻ പ്രധാനമന്ത്രി ഗുൽബുദീൻ ഹെക്മത്യാർ, അബ്ദുല്ല അബ്ദുല്ല എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു.