International

കോവിഡ് വ്യാപനത്തെ തടയാന്‍ 10 ഉത്തരവുകളുമായി ബൈഡന്‍

കോവിഡ് വൈറസ് വ്യാപനത്തെ നേരിടാന്‍ സമഗ്ര പദ്ധതിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. കോവിഡ് പ്രതിരോധത്തിനായി പത്ത് ഉത്തരവുകള്‍ ബൈഡന്‍ പുറപ്പെടുവിച്ചു. പൊതുഗതാഗതത്തില്‍ മാസ്ക് നിര്‍ബന്ധമാക്കി.

കോവിഡ് വെല്ലുവിളി നേരിടാനായി യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടികളിലേക്ക് കടക്കുകയാണ് ജോ ബൈഡന്‍. കോവിഡ് പ്രതിസന്ധി മറികടക്കാനായി 198 പേജുള്ള കോവിഡ് പ്രതിരോധ പദ്ധതി ബൈഡന്‍ രാജ്യത്തിന് സമര്‍പ്പിച്ചു.

100 ദിവസത്തിനുള്ളില്‍ 100 മില്യണ്‍ വാക്സിന്‍ കുത്തിവെപ്പ് നടത്തും. കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍‌ക്ക് ധനസഹായം നല്‍കും. പൊതു നിരത്തുകളിലും വിമാനം, ട്രെയിന്‍ , ബസ് യാത്രകളിലും മാസ്ക് നിര്‍ബന്ധമാക്കി.

വാക്സിന്‍ നിര്‍മണം ഊര്‍ജിതമാക്കാനുള്ള നടപടി സ്വീകരിക്കും. 100 ദിവസത്തിനുള്ളില്‍ സ്കൂളുകള്‍ തുറക്കും തുടങ്ങിയ നിര്‍ണായക ഉത്തരവുകളാണ് ബൈഡന്‍ പുറപ്പെടുവിച്ചത്. ട്രംപ് ഭരണകൂടം സമാഹരിച്ച കോവിഡ് വിവരങ്ങള്‍ അപര്യാപ്തമാണെന്ന് ബൈഡന്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയമായല്ല ശാസ്ത്ര വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകാനുദ്ദേശിതക്കുന്നതെന്നും ബൈഡന്‍‌ പറഞ്ഞു.കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി ബൈഡന്‍ ഇന്ന് ടെലഫോണില്‍ സംസാരിക്കും.

അധികാരമേറ്റ ഉടന്‍ ബൈഡന്‍ ചര്‍ച്ച നടത്തുന്ന വിദേശ നേതാവാണ് ജസ്റ്റിന്‍ ട്രൂഡോ. കാനഡയുമായുള്ള കീ സ്റ്റോണ്‍ എക്സ്എല്‍ പൈപ്പ് ലൈന്‍ ബൈഡന്‍ നിര്‍ത്തലാക്കാന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംഭാഷണം.