ഇറാനെതിരെ നിശിത വിമർശവുമായി ആണവ കരാറിന്‍റെ ഭാഗമായ ഫ്രാൻസ്, ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ. വ്യവസ്ഥകൾക്ക് വിരുദ്ധമായി ഇറാൻ, യുറേനിയം ലോഹനിർമിതി നടത്തിയെന്ന അന്താരാഷ്ട്ര ആണേവാർജ സമിതിയുടെ റിപ്പോർട്ടിന്‍റെ വെളിച്ചത്തിലാണ് എതിർപ്പുമായി വൻശക്തി രാജ്യങ്ങൾ രംഗത്തു വന്നത്.
നയതന്ത്ര നീക്കത്തിലൂടെ ആണവ കരാർ പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിന് തുരങ്കം വെക്കുന്നതാണ് ഇറാന്‍റെ നിലപാടെന്ന് ഫ്രാൻസ്, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങൾ കുറ്റപ്പെടുത്തി.ആണവായുധം നിർമിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായാണ് ഇറാന്‍റെ രഹസ്യനീക്കമെന്നാണ് അമേരിക്കയും മറ്റും ആരോപിക്കുന്നത്. വ്യവസ്ഥകൾ ലംഘിച്ചു കൊണ്ട് യാതൊരുവിധ നടപടിക്കും മുതിരില്ലെന്ന ഇറാൻ നൽകിയ ഉറപ്പാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് അന്താരാഷ്ട്ര ആണവോർജ സമിതി റിപ്പോർട്ട് ചൂണ്ടിക്കാട്ടി മൂന്നു രാജ്യങ്ങളും വ്യക്തമാക്കി. അപകടകരമായ നടപടികളിലേക്ക് നീങ്ങുന്നത് അടിയന്തരമായി നിർത്തി വയ്ക്കാൻ ഇറാൻ തയാറാകണമെന്നും രാജ്യങ്ങൾ ആവശ്യപ്പെട്ടു്.
അതേസമയം ആണവ കരാർ വ്യവസ്ഥകളിൽ നിന്ന് പിൻവലിയുകയും രാജ്യത്തിനുമേൽ അന്യായ ഉപരോധം അടിച്ചേൽപിക്കുകയും ചെയ്തവരാണ് മാപ്പു പറഞ്ഞ് തിരുത്തൽ നടത്തേണ്ടതെന്ന് ഇറാൻ നേതൃത്വം തിരിച്ചടിച്ചു.