International

നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫായി ഇന്ത്യൻ വംശജ ഭവ്യ ലാൽ

അമേരിക്കയുടെ ബഹിരാകാശ സംഘമായ നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ് ആയി ഇന്ത്യൻ വംശജ ഭവ്യ ലാലിനെ നിയമിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസിഡന്റ്ഷ്യൽ ട്രാൻസിഷൻ ഏജൻസിയുടെ അവലോകന സമിതിയിൽ അംഗമായിരുന്നു ഭവ്യ ലാൽ. ബഹിരാകാശ സാങ്കേതിക വിദ്യയിലും, എഞ്ചിനീയറിങ്ങിലും വളരെ ആഴത്തിലുള്ള അറിവും അനുഭവസമ്പത്തും ഉള്ള വ്യക്തിയാണ് ഭവ്യ ലാൽ എന്ന് നാസ പുറത്തുവിട്ട സ്റ്റേറ്റ്മെന്റിൽ പറയുന്നു.

നാസക്ക് പുറമെ, വൈറ്റ് ഹൗസിന്റെ ശാസ്ത്ര സാങ്കേതിക കാര്യാലയം, ദേശീയ ബഹിരാകാശ കൗൺസിൽ, ഫെഡറൽ ബഹിരാകാശ സംഘടനകൾ, പ്രതിരോധ- രഹസ്യാന്വേഷണ വകുപ്പ് എന്നിവക്കുവേണ്ടിയും ബഹിരാകാശ സാങ്കേതികവിദ്യയിലും, നയരൂപീകരണത്തിലും അതുല്യമായ സംഭാവനകൾ നൽകിയിട്ടുണ്ട് ഭവ്യ ലാൽ. അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ ബിരുദവും, ടെക്നോളജി ആൻഡ് പോളിസിയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ആളാണ് ഭവ്യ. ജോർജ്‌ വാഷിംഗ്‌ടൺ സർവകലാശാലയിൽ നിന്ന് പബ്ലിക് പോളിസി ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.