ഇന്ത്യയും സൗദി അറേബ്യയും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു. അടുത്ത സാമ്പത്തിക വര്‍ഷമാണ് ഇരുവിഭാഗവും ചേര്‍ന്ന് സൈനിക പരിശീലനം നടത്തുക. പ്രതിരോധ മേഖലയില്‍ സൗദിയുമായുളള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ സൗദി സൈന്യങ്ങള്‍ സംയുക്ത അഭ്യാസ പ്രകടനം നടത്താനൊരുങ്ങുന്നത്. ഇതിനായി ഇന്ത്യന്‍ സൈന്യം സൗദിയിലെത്തും.
അടുത്ത സാമ്പത്തിക വർഷം കണക്കാക്കിയാണ് അഭ്യാസ പ്രകടനത്തിന് തുടക്കമാവുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യന്‍ കരസേന മേധാവി മേജര്‍ ജനറല്‍ എം എം നരവനെ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഒരു ഇന്ത്യന്‍ സൈനിക മേധാവിയുടെ ആദ്യ സൗദി സന്ദര്‍ശനം കൂടിയായിരുന്നു ഇത്. ഇരു രാജ്യങ്ങളും പ്രതിരോധ മേഖലയില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണ് സൈനിക പരിശീലനം.