കോവിഡിന്റെ ആദ്യ വരവിൽ ഏറ്റവും ദുരന്തം വിതച്ച അമേരിക്കയിൽ രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഇപ്പോഴും ശീതീകരിച്ച ട്രക്കുകളിൽ സൂക്ഷിച്ചിരിക്കുന്നതായി റിപ്പോർട്ട്. ന്യൂയോർക്കിലെ സണ്സെറ് പാർക്കിനു സമീപമാണ് നൂറു കണക്കിന് മൃതദേഹങ്ങൾ സൂക്ഷിച്ച ഇത്തരം ട്രക്കുകളുള്ളതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. നഗര കൗൺസിലിന്റെ ആരോഗ്യ കമ്മിറ്റിക്കു കഴിഞ്ഞയാഴ്ച ചീഫ് മെഡിക്കൽ എക്‌സാമിനറുടെ ന്യൂയോർക്ക് നഗര ഓഫീസിലെ ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
വിവിധ ട്രാക്കുകളിലായി 750 ഓളം മൃതദേഹങ്ങൾ ഉണ്ടെന്നും ഇത് കുറച്ചു കൊണ്ട് വരാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അധികൃതർ പറയുന്നു. പാവങ്ങളുടെയും തിരിച്ചറിയപ്പെടാത്തവരുടെയും മൃതദേഹങ്ങൾ അടക്കുന്ന ബ്രോങ്ക്‌സിലെ ഹാർട് ദ്വീപിലാണ് ഈ മൃതദേഹങ്ങളും അടക്കുകയെന്ന് മെഡിക്കൽ എക്‌സാമിനറുടെ ഓഫീസിലെ എക്സിക്കുട്ടീവ് ഡെപ്യൂട്ടി കമ്മീഷണർ ഡിന മണിയോട്ടിസ് പറഞ്ഞു.
കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി ബാധിച്ച ന്യൂയോർക്ക് സിറ്റിയിൽ ഇരുപതോളം പ്രതിദിന മരണം കൈകാര്യം ചെയ്യാൻ ശേഷി മാത്രമുള്ള മെഡിക്കൽ എക്‌സാമിനർ ഓഫീസ് ഇരുനൂറോളം പ്രതിദിന മരണങ്ങൾ ആണ് കൈകാര്യം ചെയ്തത്. കോവിഡ് വ്യാപനം രൂക്ഷമായ അവസ്ഥയിലാണ് ദീർഘ കാലത്തേക്ക് മൃതദേഹങ്ങൾ സൂക്ഷിക്കാൻ തീരുമാനിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇവർക്ക് മാന്യമായ മരണാനന്തര ചടങ്ങുകൾ നടത്തുവാൻ കൂടി ഉദ്ദേശിച്ചായിരുന്നു ഈ നീക്കമെന്ന് അധികൃതർ പറഞ്ഞു. നിലവിൽ ബാക്കിയായ മൃതദേഹങ്ങൾ ഹാർട് ദ്വീപിൽ അടക്കാനാണ് അവരുടെ കുടുംബങ്ങളുടെ താത്പര്യമെന്നും ഇതിനുള്ള നടപടികൾ തുടർന്ന് വരികയാണെന്നും ഇവർ പറഞ്ഞു.