International

യുക്രൈനിൽ നിന്ന് വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ പുതിയ മാർഗ നിർദേശവുമായി എംബസി

വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ പുതിയ മാർഗ നിർദേശവുമായി എംബസി. യുക്രൈൻ അതിർത്തികളിലെ ഹംഗറിയുടേയും റൊമാനിയയുടേയും ചെക്ക് പോസ്റ്റുകളിൽ എത്തണമെന്ന് അധികൃതർ നിർദേശിച്ചു. ( guidelines for Indians in Ukraine )

ഇന്ത്യൻ രക്ഷാ സംഘം ചോപ്പ് സഹണോയിലും ചെർവിവ്‌സികിലും എത്തും. വിദ്യാർത്ഥികളോട് ഇന്ത്യൻ പതാക വാഹനങ്ങളിൽ പതിക്കാനും നിർദേശം നൽകി. പാസ്‌പോർട്ടും, പണവും കരുതാനും നിർദേശത്തിൽ പറയുന്നു.

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകുമെന്ന് വ്‌ളാഡിമിർ പുടിൻ അറിയിച്ചിരുന്നു. നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിലാണ് പുടിൻ ഇക്കാര്യം അറിയിച്ചത്. യുദ്ധം അവസാനിപ്പാക്കാൻ ഇന്ത്യ ഇടപെടണമെന്ന് യുക്രൈൻ അഭ്യർഥിച്ചതിന് പിന്നാലെയാണ് മോദി പുടിനുമായി സംസാരിച്ചത്.

അതിനിടെ റഷ്യ-യുക്രൈൻ സംഘർഷത്തിൽ അനുനയ ശ്രമങ്ങളുമായി ഫ്രാൻസ് രംഗത്തുവന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റഷ്യൻ പ്രസിഡന്റുമായി സംസാരിച്ചു.

റഷ്യൻ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി കൂടുതൽ ഉപരോധ നടപടികളിലേക്ക് കടന്നിരിക്കുകയാണ് അമേരിക്ക. അമേരിക്കയിലുള്ള റഷ്യയുടെ മുഴുവൻ ആസ്തികളും മരവിപ്പിക്കുമെന്ന് ജോ ബൈഡൻ അറിയിച്ചു. റഷ്യയിലേക്കുള്ള കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തി. വ്യക്തികൾക്കും, വ്യവസായങ്ങൾക്കും ഉപരോധം ബാധകമാണെന്നും ജോ ബൈഡൻ പറഞ്ഞു. റഷ്യയ്ക്ക്‌മേൽ സാമ്പത്തിക, പ്രതിരോധ മേഖലകളിൽ ഏർപ്പെടുത്തി ജപ്പാനും രംഗത്തുവന്നു.

റഷ്യൻ ആക്രമണത്തിൽ ആദ്യ ദിവസം 137 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ സ്ഥിരീകരിച്ചു.