ആഭ്യന്തര പ്രശ്നങ്ങളില്‍ സൈന്യത്തെ ഉപയോഗിക്കുന്നത് അമേരിക്കയില്‍ അപൂര്‍വ നടപടിയാണ്
കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തം. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ രാജ്യത്താകെ സൈന്യത്തെ സജ്ജമാക്കി. ആഭ്യന്തര പ്രശ്നങ്ങളില്‍ സൈന്യത്തെ ഉപയോഗിക്കുന്നത് അമേരിക്കയില്‍ അപൂര്‍വ നടപടിയാണ്. അതേസമയം തുടര്‍ച്ചയായി ശ്വാസതടസമുണ്ടായതാണ് ഫ്ലോയിഡിന്‍റെ മരണത്തിന് കാരണമായതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത് വന്നു.
വര്‍ണവെറിക്കെതിരായ ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയാണ് അമേരിക്കയില്‍. പ്രതിഷേധക്കാര്‍ക്ക് നേരെ പലയിടങ്ങളിലും പൊലീസ് ഗ്രനേഡുകളും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. കര്‍ഫ്യു മറികടന്ന് തുടര്‍ച്ചയായ ഏഴാം ദിവസവും ലക്ഷങ്ങള്‍ തെരുവിലിറങ്ങിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ശസ്വീകരിക്കാന്‍ ട്രംപ് ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല.
സ്ഥിഗതികള്‍ വിലയിരുത്തുന്നതിനായി ഗവര്‍ണര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിംങ് വഴി കൂടി കാഴ്ച നടത്തിയ ട്രംപ് അക്രമകാരികളെ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ടു. കലാപത്തെ നേരിടുന്നതില്‍ ഗവര്‍ണര്‍മാര്‍ പരാജയപ്പെട്ടതായും ട്രംപ് വിമര്‍ശനം ഉന്നയിച്ചു. ഫ്ലോയ്ഡിനെ കാൽമുട്ടുകൊണ്ട് ശ്വാസംമുട്ടിച്ചുകൊന്ന മിനസോട്ട പോലീസുദ്യോഗസ്ഥൻ ഡെറിക് ചൗവിനെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നതോടെ പ്രതിഷേധങ്ങള്‍ക്ക് അയവുണ്ടാവാന്‍ സാധ്യയുണ്ട്.
തുടര്‍ച്ചയായി ശ്വാസതടസം നേരിട്ടതാണ് ഫ്ലോയിഡിന്റെ മരണത്തിന് കാരണമായതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. പ്രതിഷേധക്കാരുടെ ആവശ്യപ്രകാരം പ്രത്യക മെഡിക്കല്‍ സംഘം നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന്‍റെ റിപ്പോര്‍ട്ട് ഫ്ലോയിഡിന്‍റെ കുടുംബാംഗങ്ങള്‍ ചുമതലപ്പെടുത്തിയ അഭിഭാഷകരാണ് പുറത്ത് വിട്ടത്.
കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും അമേരിക്കയില്‍ തുടരുന്ന പ്രതിഷേധങ്ങളില്‍ ഇതുവരെ 8.6 മില്യണ്‍ ആളുകള്‍ പങ്കെടുത്തതായാണ് വിവരം. ആയിരങ്ങള്‍ അറസ്റ്റിലായതിന് പിന്നാലെ നിരവധി അക്രമ സംഭവങ്ങളും രാജ്യത്ത് റിപ്പോട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നിട്ടും കൊലപാതകികളെ സംരക്ഷിക്കുന്ന ട്രംപ് ഭരണകൂടത്തിന്‍റെ നടപടികള്‍ക്കെതിരെ രാജ്യന്തര തലത്തിലും പ്രതിഷേധം ശക്തമാവുകയാണ്.