International

ഗൂഗിൾ മുതൽ ഐബിഎം വരെ; അമേരിക്കൻ ബിഗ് ടെക് കമ്പനിയിലെ ഇന്ത്യൻ വംശജരായ സിഇഒമാർ…

ടെക്ക് ലോകം ഭരിക്കാൻ ഒരു ഇന്ത്യക്കാരൻ കൂടി. ട്വിറ്റർ തലപ്പത്തേക്ക് പരാഗ് അഗർവാൾ നിയമിതനായതോടെ ചൂട് പിടിച്ച ചർച്ചയിലാണ് സോഷ്യൽ മീഡിയ. മറ്റൊരു ഇന്ത്യൻ വംശജൻ കൂടി ഐടി ഭീമൻ കമ്പനിയുടെ തലപ്പത്തേക്ക് എത്തിയിരിക്കുകയാണ്. പരാഗ് അഗർവാളിനെ കൂടാതെ നിരവധി ഇന്ത്യൻ തലച്ചോറുകൾ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ തലപ്പത്ത് ഇരിക്കുന്നവരിൽ ഉണ്ട്. ഗൂഗിളിന്റെ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ല, അഡോബിന്റെ ശാന്തനു നാരായൻ, ഐബിഎമ്മിന്റെ അരവിന്ദ് കൃഷ്ണ തുടങ്ങിയവരുടെ പട്ടിക നീളുകയാണ്. പരിശോധിക്കാം അമേരിക്കൻ ആഗോള കമ്പനികളുടെ തലപ്പത്ത് ഇരിക്കുന്ന ഇന്ത്യൻ വംശജരെ…

1. സുന്ദർ പിച്ചൈ–ആൽഫബെറ്റ് (ഗൂഗിൾ)

ഇന്ത്യ ഏറ്റവും കൂടുതൽ ആഘോഷിച്ച പേരാണ് സുന്ദർ പിച്ചൈ. 2014 നാണ് ഗൂഗിളിന്റെ തലവനായി സുന്ദർ പിച്ചൈ എത്തുന്നത്. തമിഴ്‌നാട്ടിലെ മധുരയിലായിരുന്നു സുന്ദർ പിച്ചൈയുടെ ജനനം. ഖരഗ്പുർ ഐ.ഐ.ടി.യിൽനിന്ന് വെള്ളിമെഡലോടെ ബി.ടെക് സ്വന്തമാക്കി. പിന്നീട് യു.എസിലെ സ്റ്റാൻഫഡ് സർവകലാശാലയിൽനിന്ന് മെറ്റീരിയൽ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദവും പെൻസിൽവേനിയ സർവകലാശാലയിൽനിന്ന് എം.ബി.എയും നേടി. 2004 ൽ ഗൂഗിളിൽ പ്രവേശിച്ച സുന്ദർ പിച്ചൈ 2014 സിഇഒ ആയി നിയമിതനായി.

2. സത്യ നദെല്ല-മൈക്രോസോഫ്റ്റ്
സുന്ദർ പിച്ചൈ സിഇഒ ആകുന്നതിനു മുമ്പ് തന്നെ മൈക്രോസോഫ്റ്റിന്റെ സിഇഒ ആയി നിയമിതനായ ഇന്ത്യക്കാരനാണ് സത്യ നദെല്ല. അതിനു മുമ്പ് മൈക്രോസോഫ്റ്റിന്റെ തന്നെ ക്ലൗഡ് ആൻഡ് എന്റർപ്രൈസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറുകളുടെ വികസനത്തിന് മേൽനോട്ടം വഹിക്കുന്ന ക്ലൗഡ് കമ്പ്യൂട്ടിംഗിലേക്കുള്ള കമ്പനിയുടെ അതിവേഗ വളർച്ചയ്ക്ക് നദെല്ല വഹിച്ച പങ്ക് വളരെ വലുതാണ്. ബിൽ ഗേറ്റ്‌സിനും സ്റ്റീവിനും ശേഷം കമ്പനിയുടെ മൂന്നാമത്തെ സിഇഒ ആയാണ് നദെല്ല നിയോഗിക്കപ്പെട്ടത്.

കർണാടകയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ നദെല്ല, അമേരിക്കയിലെ വിസ്കോൻസിൻ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എംഎസ് ബിരുദവും നേടി.

3. അരവിന്ദ് കൃഷ്ണ-ഐബിഎം

ഐബിഎമ്മിന്റെ നിലവിലെ ചെയർമാനും സിഇഒയുമാണ് അരവിന്ദ് കൃഷ്ണ. ആന്ധ്രാപ്രദേശിലാണ് അദ്ദേഹം ജനിച്ചത്. 2020 ഏപ്രിൽ മുതൽ ഐബിഎമ്മിന്റെ സിഇഒ ആകുകയും 2021 ജനുവരിയിൽ ചെയർമാൻ ചുമതലകൾ ഏറ്റെടുക്കുകയും ചെയ്തു.

ഐബിഎമ്മിന്റെ എക്കാലത്തെയും വലിയ (34 ബില്യൺ ഡോളർ) റെഡ് ഹാറ്റ് നേട്ടത്തിന് പിന്നിൽ അരവിന്ദ് കൃഷ്ണയിരുന്നു പ്രവർത്തിച്ചിരുന്നത്.ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഐഐടി കാൺപൂരിൽ നിന്ന് ബിരുദം കരസ്ഥമാക്കി. ശേഷം ഇല്ലിനോയ്‌സ് സർവകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ പിഎച്ച്ഡിയും സ്വന്തമാക്കി.

4. ശന്തനു നാരായൺ-അഡോബ്

ആന്ധ്രാപ്രദേശിലെ ഹൈദരാബാദിലാണ് ശന്തനു നാരായൺ ജനിച്ചത്. 2007 ഡിസംബർ മുതലാണ് അഡോബ് ഇൻ‌കോർപ്പറേഷന്റെ തലപ്പത്ത് അദ്ദേഹം എത്തുന്നത്. അഡോബ് ഇങ്കിന്റെ സിഇഒയും ആയി പ്രവർത്തിക്കുന്നതിന് മുമ്പ് അദ്ദേഹം കമ്പനിയുടെ പ്രസിഡന്റും സിഇഒ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും സേവനമനുഷ്ഠിച്ചിരുന്നു.

ഹൈദരാബാദിലെ ഉസ്മാനിയ യൂണിവേഴ്സിറ്റിയിലെ എൻജിനീയറിങ് കോളേജിൽ നിന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ നിന്ന് ബിരുദം നേടി. പിന്നീട് ഒഹിയോ ബൗളിംഗ് ഗ്രീൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. കാലിഫോർണിയ സർവകലാശാലയിലെ ഹാസ് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎ ബിരുദവും നാരായൺ നേടിയിട്ടുണ്ട്.

5. രഘു രഘുറാം-വിഎം വെയർ

ക്ലൗഡ് കംപ്യൂട്ടിങ് കമ്പനിയായ വിഎംവെയറിന്റെ പുതിയ സിഇഒ ആണ് രഘു രഘുറാം. 2003 ലാണ് അദ്ദേഹം കമ്പനിയിൽ എത്തുന്നത്. സിഇഒ ഉൾപ്പെടെ വിഎംവെയറിൽ രഘുറാം ഒന്നിലധികം നേതൃത്വ റോളുകൾ വഹിച്ചിട്ടുണ്ട്. വിഎംവെയറിൽ ജോലി ചെയ്യുന്നതിന് മുമ്പ് അദ്ദേഹം എഒഎൽ, ബാംഗ് നെറ്റ്‌വർക്കുകൾ, നെറ്റ്‌സ്‌കേപ്പ് എന്നിവയിൽ ജോലി ചെയ്തിട്ടുണ്ട്. പ്രോഡക്റ്റ് മാനേജ്‌മെന്റും മാർക്കറ്റിംഗ് റോളുകളും വഹിച്ചിരുന്നു.

ഐഐടി ബോംബെയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ രഘുറാം, വാർട്ടൺ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎ ബിരുദവും നേടിയിട്ടുണ്ട്.