കോവിഡ് പ്രതിസന്ധിയുടെ പശ്ചാതലത്തിലാണ് നടപടി
കോവിഡ് പ്രതിരോധത്തിന് വന്‍തുക ചിലവിടുന്ന പശ്ചാതലത്തില്‍ സൌദിയും വരുമാനം കൂട്ടുവാനും ചിലവ് ചുരുക്കുവാനും കര്‍ശന നടപടി തുടങ്ങി. ജൂലൈ മുതല്‍ രാജ്യത്ത് നിലവിലുള്ള മൂല്യ വര്‍ധിത നികുതി പതിനഞ്ച് ശതമാനമായി ഉയര്‍ത്തുമെന്ന് ധനകാര്യ മന്ത്രി പ്രഫസര്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ജദ്ആന്‍ അറിയിച്ചു. നിലവില്‍ അഞ്ച് ശതമാനമാണ് രാജ്യത്തെ മൂല്യ വര്‍ധിത നികുതി. രണ്ടു മടങ്ങാണ് ഇതോടെ നികുതിയിലെ വര്‍ധനവ്.
വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കി വന്നിരുന്ന സാമൂഹിക സാമ്പത്തിക സഹായ പദ്ധതികളും അടുത്ത മാസം മുതല്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കും. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതം മറികടക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പ്രധാന വരുമാനമായ എണ്ണയുടെ വിലയിടിഞ്ഞതും തീരുമാനത്തിന് കാരണമായിട്ടുണ്ട്. നേരത്തെ വന്‍കിട പദ്ധതികളുടെ പൂര്‍ത്തീകരണം വൈകിപ്പിക്കുമെന്നും ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞിരുന്നു.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തില്‍ 9 ബില്യണ്‍ ഡോളറിന്‍റെ കുറവാണ് പ്രതീക്ഷിച്ച വരുമാനത്തില്‍ സൌദിക്കുണ്ടായത്. സാമ്പത്തിക പ്രത്യാഘാതം പരമാവധി കുറക്കുന്നതിന്‍റെ ഭാഗമായാണ് ഇപ്പോള്‍ പ്രഖ്യാപിച്ച നടപടികള്‍. നിലവില്‍ രാജ്യത്തെ വലിയൊരു ശതമാനം ചിലവും ഇപ്പോള്‍ കോവിഡ് പ്രതിരോധത്തിന് നീക്കി വെച്ചിരിക്കുകയാണ്.
പ്രധാന വരുമാനമായ എണ്ണയുടെ വില ഗള്‍ഫ് യുദ്ധാനന്തരമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ്. ഇന്ന് സൗദി അറേബ്യയില്‍ പെട്രോള്‍ വില കുത്തനെ കുറച്ചിരുന്നു. 91 ഇനം പെട്രോളിന് 67 ഹലാലയാണ് ഇനി വില. ഇതുവരെ 1.31 റിയാലായിരുന്നു. 95 ഇനത്തിന് 82 ഹലാലയാണ് ഇനി വില. ഇതുവരെ 1.47 റിയാലായിരുന്നു ഇതുവരെ. കോവിഡ് സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞതാണ് വില കുറക്കാന്‍ കാരണം. അടുത്ത മാസം പത്ത് വരെ ഈ നിരക്ക് തുടരും.