സാന്‍ഫ്രാന്‍സിസ്കോ: യുഎസ് തലസ്ഥാനത്തെ ട്രംപ് അനുകൂലികളുടെ അക്രമത്തിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന് ‘അനിശ്ചിതകാല’ വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്. കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 24 മണിക്കൂര്‍ നേരത്തേക്കാണ് നേരത്തെ വിലക്കുണ്ടായിരുന്നത്. ഇത് നീട്ടാന്‍ തീരുമാനിച്ചു എന്നാണ് സക്കര്‍ബര്‍ഗ് അറിയിച്ചത്.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തു എന്നാണ് ഫേസ്ബുക്ക് പറയുന്നത്. ട്രംപിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും വിലക്ക് തുടരും എന്നാണ് ഫേസ്ബുക്ക് പറയുന്നത്.
അതിനിടെ, ട്രംപിന്റെ തോല്‍വി അംഗീകരിക്കാന്‍ വിസമ്മതിച്ച് അനുയായികള്‍ യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോള്‍ ഹില്ലില്‍ നടത്തിയ ഭീകരാക്രമണത്തില്‍ നാലു പേരാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം ഒരു മണിയോടെ ആയിരുന്നു രാജ്യത്തിന് നാണക്കേടുണ്ടാക്കിയ ആക്രമണം. സംഭവത്തിന് പിന്നാലെ തലസ്ഥാനമായ വാഷിങ്ടണില്‍ പതിനഞ്ചു ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.