International

കോംഗോയില്‍ എബോള പടര്‍ന്നു പിടിക്കുന്നു

കോംഗോയില്‍ എബോള പടര്‍ന്നു പിടിക്കുന്നു. 2000ത്തിലധികം എബോള കേസുകളാണ് ‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1252 പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് പ്രകാരം 2008 പേര്‍ക്കാണ് കോംഗോയില്‍ ഇതിനോടകം എബോള സ്ഥിരീകരിച്ചത്. ഇതില്‍ 94 പേര്‍ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുമാണ്. 1252 പേര്‍ എബോള ബാധയെ തുടര്‍ന്ന് മരിച്ചു. എബോള ബാധിതരായ 532 പേരെയാണ് ഇതിനോടകം രക്ഷപ്പെടുത്താന്‍ സാധിച്ചത്. ഇത് ഏറ്റവും ഗുരുതരമായ അവസ്ഥയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കോംഗോയില്‍ എബോള വൈറസ് ബാധ തുടങ്ങിയത്. മരണം ആയിരം കടക്കുമ്പോള്‍ എബോളയുടെ ചരിത്രത്തിലെ രണ്ടാമത്തെ മരണനിരക്കായി കോംഗോയിലേത് മാറി. കോംഗോയില്‍ തുടരുന്ന ആഭ്യന്തര യുദ്ധവും കലാപവുമാണ് വൈറസ് ബാധയെ പിടിച്ചുനിര്‍ത്തുന്നതിന് പ്രധാന തടസം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രതിരോധ പ്രവര്‍ത്തകര്‍ക്കുമെതിരെ ആക്രമണങ്ങളുണ്ടാകുന്നുണ്ട്. എബോളയെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടന കോംഗോയില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തുന്നുണ്ട്. പത്തുലക്ഷത്തോളം പേര്‍ക്ക് ഇതു വരെ വാക്സിന്‍ നല്‍കിയിട്ടുണ്ട്.