2021ന് മുമ്പ് കോവിഡ് വാക്സിൻ ഉപയോഗിക്കാനാവുമെന്ന് പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന. നിലവിൽ വാക്‌സിൻ പരീക്ഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. നിർണായകഘട്ടത്തിലാണ് പരീക്ഷണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
വിവേചനമില്ലാതെ തുല്യമായി വാക്‌സിൻ ലഭ്യമാക്കാനാണ് ഡബ്ലിഎച്ച്ഒയുടെ ലക്ഷ്യമെന്ന് ലോകാരോഗ്യ സംഘടനാ എമർജൻസി പ്രോഗ്രാം തലവൻ മൈക്ക് റയാൻ പറഞ്ഞു. അതേസമയം തന്നെ കോവിഡ് വ്യാപനം തടയുക എന്നതിനാണ് മുഖ്യ പരിഗണന നൽകേണ്ടത്. ആഗോളതലത്തിൽ പ്രതിദിന വ്യാപന നിരക്ക് റെക്കോർഡിലെത്തുകയാണെന്നും മൈക്ക് റയാൻ ഓർമിപ്പിച്ചു.
പല രാജ്യങ്ങളും വാക്‌സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ്. ഇതുവരെ ഒരു ഘട്ടത്തിലും പരാജയപ്പെട്ടിട്ടില്ല. അടുത്ത വർഷം ആദ്യ മാസങ്ങളിൽ വാക്സിൻ ജനങ്ങളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിൻ സമ്പന്നർക്കോ ദരിദ്രർക്കോ മാത്രമായിട്ടുള്ളതല്ല. എല്ലാവർക്കുമുള്ളതാണ്. ആഗോള തലത്തിൽ നല്ലതിന് വേണ്ടിയാണെന്നും റയാൻ പറഞ്ഞു. റഷ്യ, അമേരിക്ക, ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങളുടെ കോവിഡ് വാക്സിൻ പരീക്ഷണം പുരോഗമിക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.
സ്കൂളുകൾ തുറക്കും മുൻപ് കോവിഡ് സമൂഹ വ്യാപനം നിയന്ത്രണവിധേയമാണെന്ന് ഉറപ്പ് വരുത്തണം. അമേരിക്കയിൽ കോവിഡ് വ്യാപനം റെക്കോർഡിൽ നിൽക്കുമ്പോൾ സ്കൂളുകൾ തുറക്കാൻ നീക്കം നടക്കുന്നുണ്ട്. ഇതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.