ടിബെറ്റൻ നേതാവ് ദലൈലാമയുടെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിൽ ചൈന ഇടപെടാതിരിക്കാനുള്ള നീക്കവുമായി അമേരിക്ക. കഴിഞ്ഞ ആഴ്ച സെനറ്റ് പാസ്സാക്കിയ ടിബെറ്റൻ പോളിസി ആന്റ് സപ്പോർട്ട് ആക്ട് 2020ൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ദലൈ ലാമയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള പൂർണ്ണ അവകാശം ടിബെറ്റുകൾക്ക് ആണെന്ന് ഉറപ്പുവരുത്താൻ ലഹാസയിൽ യു.എസ് കോൺസുലേറ്റ് സ്ഥാപിക്കണമെന്നാണ് ബില്ലിൽ ആവശ്യപ്പെടുന്നത്.
“ദലൈലാമയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള അധികാരം ദലൈലമാക്കും, മറ്റ് ടിബെറ്റൻ നേതാക്കൾക്കും, ടിബെറ്റൻ ജനതക്കും മാത്രമാണ്. ഇതിനെ ഔദ്യോഗിക അമേരിക്കൻ നയമാക്കുകയാണ് ടിബെറ്റൻ പോളിസി ആന്റ് സപ്പോർട്ട് ആക്ട് 2020. ഏതെങ്കിലും തരത്തിൽ ചൈന ഇടപെട്ടാൽ ഗുരുതരമായ നടപടികളിലേക്ക് നീങ്ങും.” സെൻട്രൽ ടിബെറ്റൻ അഡ്മിനിസ്ട്രേഷൻ പറഞ്ഞു. ചൈനീസ് ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭം പരാജയപ്പെട്ടതിന് ശേഷം 1959 മുതൽ ഇന്ത്യയിൽ ധരംശാലയിലാണ് ദലൈലാമ കഴിയുന്നത്.
എന്നാൽ, ഉഭയകക്ഷി ബന്ധത്തെ മോശമാക്കിയേക്കാവുന്ന ഇത്തരം നിയമ നീക്കങ്ങളിൽ നിന്ന് അമേരിക്ക പിന്മാറണമെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രാലയം പറഞ്ഞു. ടിബെറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചൈനയുടെ ആഭ്യന്തര വിഷയമാണെന്നും ചൈനീസ് വിദേശ കാര്യ വക്താവ് സാഓ ലിജിയാൻ കൂട്ടിച്ചേർത്തു.