International

കോവിഡ് 19; യൂറോപ്പിലെ സ്ഥിതി അതിസങ്കീര്‍ണ്ണം, രോഗവ്യാപന തോത് ആശങ്കാജനകമെന്ന് ലോകാരോഗ്യ സംഘടന

രോഗം അതിവേഗത്തില്‍ വ്യാപിക്കുന്ന യൂറോപ്പില്‍ സ്ഥിതി അതിസങ്കീര്‍ണം. യൂറോപ്പിലെ രോഗവ്യാപന തോത് ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. ഇറ്റലിയില്‍ ഇന്നലെ മാത്രം 250 പേര്‍ മരിച്ചു. ഫ്രാന്‍‌സില്‍ ഒറ്റ ദിവസം കൊണ്ട് 800 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 26 യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അമേരിക്ക യാത്രാവിലക്ക് പ്രഖ്യാപിച്ചു.

ഇറ്റലിയില്‍ ഇന്നലെ മാത്രം 250 പേരാണ് മരിച്ചത്. രാജ്യത്ത് 17,660 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ 1266 പേര്‍ മരിച്ചു. സ്പെയിനില്‍ മരണ സംഖ്യ 50 ശതമാനം ഉയര്‍ന്ന് 133 ല്‍ എത്തി. ഫ്രാന്‍സില്‍ ഒറ്റ ദിനംകൊണ്ട് 800 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 79 പേരാണ് ഇവിടെ മരിച്ചത്. ജര്‍മനിയില്‍ 3675 പേര്‍ക്കാണ് കോവിഡ് പിടിപെട്ടത്. അതേസമയം ചൈനയില്‍ ഇന്നലെ 13 പേര്‍ മരിക്കുകയും ആകെ മരണ സംഖ്യ 3189 ലും എത്തി. ചൈനയില്‍ നിന്ന് വ്യത്യസ്തമായി യൂറോപ്യന്‍ രാജ്യങ്ങളില്‍ വൈറസ് ബാധ ദ്രുതഗതിയിലാണെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. പുതിയ സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അമേരിക്ക യാത്രാവിലക്ക് പ്രഖ്യാപിച്ചു. 50 മരണം സ്ഥിരീകരിച്ച അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം കോടി ഡോളര്‍ അനുവദിച്ചു.

ചൈനയില്‍ കൊറോണ വൈറസ് എത്തിച്ചത് അമേരിക്കയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് പ്രതികരിച്ചതില്‍ അമേരിക്ക ചൈനീസ് അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പിന്നീട് കോവിഡ് സ്ഥിരീകരിച്ച ബ്രസീലിയന്‍ നയതന്ത്ര പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കും. അതേസമയം തന്റെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സനാരോ അറിയിച്ചു.