International

അഭയാർഥി വിദ്യാർഥികൾക്കായി ഡിജിറ്റൽ സ്കൂളുമായി ദുബൈ

ലോകമെമ്പാടുമുള്ള അഭയാർഥി വിദ്യാർഥികൾക്കായി ദുബൈ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപിച്ചു. അഞ്ച് വർഷത്തിനകം 10 ലക്ഷം വിദ്യാർഥികൾക്ക് വിദ്യാഭ്യാസം എത്തിക്കുകയാണ് ഡിജിറ്റൽ സ്കൂളിന്‍റെ ലക്ഷ്യം.

ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് ട്വിറ്ററിലൂടെ പുതിയ ഡിജിറ്റൽ സ്കൂൾ പദ്ധതി പ്രഖ്യാപിച്ചത്. ഈ വർഷം ഇരുപതിനായിരം വിദ്യാർഥികൾക്ക് ഡിജിറ്റൽ സ്കൂൾ മുഖേന വിദ്യാഭ്യാസമെത്തിക്കും. വിദ്യ നേടാൻ സാധിക്കാത്ത 10 ലക്ഷം വിദ്യാർഥികൾക്ക് അറിവ് നൽകാൻ കഴിയും വിധം അഞ്ച് വർഷത്തിനകം ഡിജിറ്റൽ സ്കൂളിന്റെ പ്രവർത്തനം വിപുലമാക്കുമെന്ന് ശൈഖ് മുഹമ്മദ് അറിയിച്ചു.

അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും അംഗീകാരമുള്ള കരിക്കുലമായിരിക്കും ഡിജിറ്റൽ സ്കൂൾ ലഭ്യമാക്കുക. അറബ് ലോകത്ത് വിദ്യാഭ്യാസപരമായി വലിയ വിടവ് നിലനിൽക്കുന്നുണ്ട്. സംഘർഷങ്ങളും സാമ്പത്തിക പ്രശ്നങ്ങളും കാരണം വർഷങ്ങളുടെ വിദ്യാഭ്യാസമാണ് വിദ്യാർഥികൾക്ക് നഷ്ടമായതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.