International

‘ട്രംപിനെ തോല്‍പ്പിക്കാന്‍, നിങ്ങളുടെ ശബ്‍ദം കേള്‍പ്പിക്കാന്‍ അണിനിരക്കൂ’: അമേരിക്കയിലെ മുസ്‍ലിംകളോട് ജോ ബൈഡന്‍

‘പലപ്പോഴും നിങ്ങളുടെ ശബ്ദം അംഗീകരിക്കപ്പെടുകയോ പ്രതിനിധീകരിക്കപ്പെടുകയോ ചെയ്യുന്നില്ല’

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡോണൾഡ്​ ട്രംപിനെ പരാജയപ്പെടുത്താന്‍ മുസ്​ലിംകളോട്​ ഡെമോക്രാറ്റിക്​ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡ​​ന്‍റെ ആഹ്വാനം. ട്രംപി​​ന്‍റെ ഭരണത്തിൽ അമേരിക്കയിൽ ഇസ്​ലാ​മോഫോബിയ വളർന്നു. അമേരിക്കയുടെ സുരക്ഷയ്ക്കെന്ന കാരണം പറഞ്ഞ് മുസ്​ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരെ ട്രംപ്​ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ​ താന്‍ അധികാരത്തിലെത്തിയാല്‍ പിൻവലിക്കുമെന്നും ബൈഡൻ പ്രഖ്യാപിച്ചു. എംഗേജ് ആക്ഷന്‍ എന്ന സംഘടന സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു ജോ ബൈഡന്‍.

‘അയാള്‍ പ്രസിഡന്‍റാവാന്‍ യോഗ്യനല്ല എന്നത് കൊണ്ട് മാത്രമല്ല നിങ്ങളുടെ വോട്ട് ഞാന്‍ അഭ്യര്‍ഥിക്കുന്നത്. നിങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ശബ്ദം രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ ഉറപ്പുവരുത്താന്‍ ഞാന്‍ താല്‍പര്യപ്പെടുന്നു. മുസ്‍ലിം ശബ്ദം ഈ സമൂഹത്തിനും രാജ്യത്തിനും ആവശ്യമുണ്ട്. പക്ഷേ പലപ്പോഴും നിങ്ങളുടെ ശബ്ദം അംഗീകരിക്കപ്പെടുകയോ പ്രതിനിധീകരിക്കപ്പെടുകയോ ചെയ്യുന്നില്ല’- എന്നാണ് ജോ ബൈഡന്‍ പറഞ്ഞത്.

ഇസ്​ലാമിക വിശ്വാസത്തെ പരിചയപ്പെടുത്താൻ സ്​കൂളുകളിൽ കൂടുതൽ സൗകര്യമേർപ്പെടുത്തുമെന്നും ബൈഡൻ അറിയിച്ചു. സിറിയ, യെമൻ, ഗസ്സ എന്നിവിടങ്ങളിലെ മനുഷ്യക്കുരുതികൾക്കെതിരെ നിലപാടെടുക്കും. ഫലസ്​തീനികള്‍ക്കും ഇസ്രായേലി​കള്‍ക്കും സ്വന്തം രാജ്യമെന്ന നിലപാടിനൊപ്പം നില്‍ക്കും. തുല്യനീതി, കുറഞ്ഞ ചിലവിൽ ആരോഗ്യ സംവിധാനങ്ങൾ, കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടം എന്നിവ ഉറപ്പുവരുത്തുമെന്നും ബൈഡന്‍ വ്യക്തമാക്കി.

മുസ്‍ലിം വോട്ടുകള്‍ ആര്‍ക്ക് അനുകൂലമാകണം എന്ന കാര്യത്തില്‍ നിരന്തര ഇടപെടലുകള്‍ നടത്തുന്ന സംഘടനയാണ് എംഗേഗ് ആക്ഷന്‍. 2016ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഈ സംഘടനക്ക് സ്വാധീനമുള്ള മിഷിഗണില്‍ ട്രംപിന് വോട്ട് കുറവായിരുന്നു. മിനിസോട്ട പ്രതിനിധി ഇല്‍ഹാന്‍ ഒമര്‍, മിനസോട്ട അറ്റോര്‍ണി ജനറല്‍ കെയ്ത്ത് എല്ലിസണ്‍, ഇന്ത്യാന പ്രതിനിധി ആന്‍ഡ്രേ കാര്‍സണ്‍ തുടങ്ങിയ ജനപ്രതിനിധികളില്‍ പലരും ബൈഡന് അനുകൂലമായി നിലപാടെടുത്തിട്ടുണ്ട്. ഇതില്‍ ഇല്‍ഹാന്‍ ഒമര്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‍ലിം വനിതയാണ്. നവംബറില്‍ നടക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിനെതിരെ അമേരിക്കയിലെ മുസ്‍ലിം വോട്ടുകള്‍ ഏകീകരിക്കാനുള്ള നീക്കങ്ങളാണ് എംഗേജ് നാഷന്‍ നടത്തുന്നത്.