International

ലോകത്ത് കോവിഡ് ബാധിതര്‍ 65 ലക്ഷത്തിലേക്ക്; ആഫ്രിക്കയില്‍ വൈറസ് ബാധിതര്‍ ഒന്നര ലക്ഷം കടന്നു

അതേസമയം കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ഹൈക്കോടതി നിരീക്ഷിച്ചു

ലോകത്ത് കോവിഡ് ബാധിതര്‍ 65 ലക്ഷത്തിലേക്ക്. ആശങ്ക പരത്തി ആഫ്രിക്കയില്‍ കോവിഡ് കേസുകള്‍ ഒന്നര ലക്ഷം കടന്നു. അതേസമയം കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ഹൈക്കോടതി നിരീക്ഷിച്ചു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകളും മരണവും വര്‍ധിക്കുകയാണ്. ബ്രസീലില്‍ 1262 പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തു. റഷ്യയില്‍ എട്ടായിരത്തിലധികം പുതിയ കേസുകളാണുള്ളത്. ഇറ്റലിയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിന്‍റെ തോത് വളരെ കുറഞ്ഞു. ഒടുവില്‍ സ്ഥിരീകരിച്ചത് 318 കേസുകള്‍ മാത്രം. അമേരിക്കയില്‍ ഇരുപതിനായിരത്തിലധികം പുതിയ കേസുകളുണ്ട്.ലോകത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചത് മൂന്ന് ലക്ഷത്തി എണ്‍പത്തി ഒന്നായിരത്തിലേറെയാണ്. 29 ലക്ഷത്തിലേറെ പേര്‍ രോഗമുക്തരാവുകയും ചെയ്തു. അതേസമയം നിയന്ത്രണങ്ങളിലുള്ള കൂട്ടിയും കുറച്ചും മുന്നോട്ടുപോവുകയാണ് വിവിധ രാജ്യങ്ങള്‍. ലാത്വിയയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കായി അതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനമായി.

അര്‍മേനിയ ലോക്ഡൌണിന്‍റെ പുതിയ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. സിംബാബ്‌വെയിലും ലോക്ഡൌണ്‍ കര്‍ശനമാക്കി. അതേസമയം ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ഹൈക്കോടതി നിരീക്ഷിച്ചു. ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ മൂന്നും നാലും അഞ്ചും ഘട്ടങ്ങളിലായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിലയിരുത്തിയത്. അതിനിടെ കോവിഡിനുള്ള വാക്സിന്‍ ഈ വര്‍ഷം അവസാനത്തോടെ മാത്രമേ കണ്ടാത്താനായേക്കൂ എന്ന് യു.എസ് സൈന്യത്തിന്റെ വാക്സിന്‍ ഗവേഷണ വിഭാഗം മേധാവി പറഞ്ഞു.

ഹൈഡ്രോക്സി ക്ലോറോക്വിന്‍റെ നിര്‍മ്മാണത്തിലും കോവിഡിനുള്ള ചികിത്സയിലും പരസ്പരം സഹകരിക്കാന്‍ അമേരിക്കയും ബ്രസീലും തീരുമാനിച്ചു. ട്രംപും ബ്രസീല്‍‌ പ്രസിഡന്‍റ് ജെയിര്‍ ബോള്‍സനാരോയും തമ്മിലുള്ള ചര്‍ച്ചയിലാണ് തീരുമാനമെന്ന് വൈറ്റ് ഹൌസ് അറിയിച്ചു.