തീര്‍ത്തും വികസനോന്മുഖമായ നയരൂപീകരണവും അതിന്‍റെ വിജയകരമായ പ്രായോഗിക വല്‍ക്കരണവുമാണ് ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഖത്തറിന്‍റെ കരുത്ത്
രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷയെ കോവിഡ് രോഗവ്യാപനം യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം. കുടിവെള്ളത്തിന്‍റെ കാര്യത്തില്‍ മാത്രമാണ് ചെറിയ വെല്ലുവിളി നേരിടുന്നതെന്നും ഇത് മറികടക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാണെന്നും മന്ത്രി അറിയിച്ചു.
തീര്‍ത്തും വികസനോന്മുഖമായ നയരൂപീകരണവും അതിന്‍റെ വിജയകരമായ പ്രായോഗിക വല്‍ക്കരണവുമാണ് ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഖത്തറിന്‍റെ കരുത്ത്. ഉപരോധത്തിന്‍റെ സമയത്തും ഭക്ഷ്യമേഖലയെ തളരാതെ പിടിച്ചുനിര്‍ത്തിയത് ഈ സ്ട്രാറ്റജിയാണ്. അതിനാല്‍ തന്നെ കോവിഡ് രോഗപ്പകര്‍ച്ചയുടെ സാഹചര്യത്തിലും രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് നഗരസഭാ പരിസ്ഥിതി മന്ത്രി അബ്ദുള്ള ബിന്‍ അബ്ധുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബേ പറഞ്ഞു.
നാല് ഘടകങ്ങളിലായാണ് രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷ നിലകൊള്ളുന്നത്. വിദേശത്ത് നിന്നുള്ള ഇറക്കുമതി, ആഭ്യന്തര വ്യാപാരം, ഭക്ഷ്യോല്‍പ്പാദനത്തിന്‍റെ സ്വയം പര്യാപ്തത, കരുതല്‍ ശേഖരം വര്‍ധിപ്പിക്കല്‍ എന്നിവയാണിവ. ഈ നാല് കാര്യങ്ങളിലും തളരാതെ മുന്നോട്ടുപോകാന്‍ രാജ്യത്തിന് കഴിയുന്നുണ്ട്.