International

കൊറോണ വൈറസ്; ഒരാഴ്ച കൊണ്ട് ആശുപത്രി നിര്‍മ്മിച്ച് ചൈന

കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായതോടെ താല്‍ക്കാലിക ആശുപത്രികള്‍ നിര്‍മിക്കുകയാണ് ചൈന. ഒരാഴ്ച കൊണ്ട് നിര്‍മാണം അന്തിമ ഘട്ടത്തിലെത്തിയ ആശുപത്രികളിലൊന്ന് രണ്ട് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും. കൊറോണ വൈറസ് ബാധയുടെ വ്യാപ്തി വര്‍ധിച്ചതോടെയാണ് അടിയന്തരമായി ആശുപത്രികള്‍ നിര്‍മിക്കാന്‍ ചൈന തുനിഞ്ഞത്.

വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലാണ് രണ്ട് ആശുപത്രികള്‍. ആയിരം കിടക്കകളുള്ള ഒരു ആശുപത്രിയുടെ നിര്‍മാണം തുടങ്ങിയത് കഴിഞ്ഞയാഴ്ച. രണ്ടരലക്ഷം സ്ക്വയര്‍ഫീറ്റ് സ്ഥലം ജെ.സി.ബിയും ബുള്‍ഡോസറും കൊണ്ട് ഇടിച്ചുനിരത്തി പണി തുടങ്ങി. 4000ത്തിലധികം തൊഴിലാളികള്‍ വിവിധ ഷിഫ്റ്റുകളിലായി കഠിന പ്രയത്നം. ഒരാഴ്ച പിന്നിടുമ്പോള്‍ നിര്‍മാണം അന്തിമഘട്ടത്തിലെത്തി.

ആശുപത്രിയിലേക്ക് വേണ്ട ചികിത്സാ സാമഗ്രികളും സജ്ജം. 2003ല്‍ സാര്‍സ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ആറ് ദിവസം കൊണ്ട് വന്‍കിട ആശുപത്രി നിര്‍മിച്ച് ചൈന മാതൃകയായിരുന്നു.