International

ലോകത്ത് കോവിഡ് മരണം രണ്ടരലക്ഷം കടന്നു; മിക്ക രാജ്യങ്ങളും ലോക്ഡൗണ്‍ ഇളവുകളിലേക്ക്

കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ ഒരു ദിവസത്തെ ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത്. അമേരിക്കയിലെ ആകെ മരണസംഖ്യ 70,000നോട് അടുക്കുകയാണ്.

ലോകത്ത് കോവിഡ് മരണം രണ്ടരലക്ഷം കടന്നു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനവും മരണനിരക്കും കുറയുകയാണ്. മിക്ക രാജ്യങ്ങളും ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയാണ്. 252,000 ത്തിലധികം പേരാണ് ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചത്‌. പക്ഷേ കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പിടിമുറുക്കിയ രാജ്യങ്ങളിലെല്ലാം രോഗവ്യാപനവും മരണനിരക്കും കുറയുകയാണ്.

അമേരിക്കയില്‍ 1,015 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ ഒരു ദിവസത്തെ ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത്. അമേരിക്കയിലെ ആകെ മരണസംഖ്യ 70,000നോട് അടുക്കുകയാണ്. സ്പെയ്ന്‍, ഇറ്റലി. ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലെല്ലാം രോഗവ്യാപനവും മരണനിരക്കും കുറഞ്ഞു. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ യാഥാര്‍ഥ്യമായി. സിംഗപ്പൂരിൽ ഈ മാസം 12 മുതല്‍ ഇളവുകളുണ്ടാകും.

ദക്ഷിണ കൊറിയയിൽ സ്കൂളുകൾ ഈ മാസം 13 നു തുറക്കും. അതേസമയം, ജപ്പാനിൽ അടിയന്തരാവസ്ഥ മാസാവസാനം വരെ നീട്ടും. ന്യൂസിലൻഡിൽ 24 മണിക്കൂറിനിടെ പുതിയ രോഗികളില്ല. എന്നാല്‍ റഷ്യയിലും ബംഗ്ലദേശിലും രോഗം പടരുകയാണ്. റഷ്യയില്‍ രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്നു. ബംഗ്ലാദേശില്‍ രോഗികളുടെ എണ്ണം 10,100 കടന്നു.