താലിബാനുമായുള്ള സഹകരണം ആപത്തെന്ന് റിപ്പോർട്ട് നൽകി രഹസ്യാന്വേഷണ ഏജൻസികൾ. രാജ്യത്തെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് താലിബാൻ സഹായം നൽകുന്നുണ്ടെന്ന് ഏജൻസികൾ മുന്നറിയിപ്പ് നൽകി. കശ്മീർ ഭീകരവാദികളെ ഉൾപ്പെടെ താലിബാൻ സഹായിക്കുന്നതായും രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു. പാകിസ്താനാണ് താലിബാനെ വഴിവിട്ട് സഹായിക്കുന്നതെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ ഭക്ഷണശേഖരം ഈ മാസം അവസാനത്തോടെ തീരുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. കൂടുതൽ ഭക്ഷണം ശേഖരിക്കാൻ 20 കോടി യു.എസ്. ഡോളർ അടിയന്തരമായി ആവശ്യമാണെന്ന് യു.എൻ. വ്യക്തമാക്കി. സെപ്റ്റംബർ അവസാനത്തോടെ ഐക്യരഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷണ ശേഖരം തീരും. പതിനായിരങ്ങളുടെ പട്ടിണി അകറ്റാനായി ഭക്ഷണം സമാഹരിക്കാൻ അടിയന്തര സഹായം വേണമെന്നും അതിനായി ലോക രാജ്യങ്ങൾ മുന്നോട്ട് വരണമെന്നും അഫ്ഗാനിസ്ഥാനിലെ യു.എൻ. പ്രതിനിധി റാമിസ് അലാകബറോവ് അറിയിച്ചു.
രാജ്യത്തെ അഞ്ച് വയസ്സിന് താഴെയുള്ള പകുതിയിലധികം കുട്ടികളും കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും, ആ കുട്ടികൾക്ക് ഭക്ഷണം ലഭിക്കില്ലെന്നും യു.എൻ. സെക്രട്ടറി ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസ് വ്യക്തമാക്കി. 38 ദശലക്ഷം വരുന്ന രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്ക് ദിവസവും ഭക്ഷണം കഴിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.