വുഹാനിലെ ഒരു ബയോ ലാബിൽ നിന്നാണ് കോവിഡിന്റെ ഉത്ഭവം എന്ന യു.എസ് ആരോപണത്തെ നിഷേധിച്ച് ചൈന. കോവിഡ് മഹാമാരി മനുഷ്യരെ ബാധിക്കുന്നതിനുമുമ്പ് ചൈനയിൽ ജീവികളെ വിൽക്കുന്ന മാർക്കറ്റിലെ വവ്വാലുകളിലൂടെയായിരുന്നു പകർന്നതെന്ന ആരോപണങ്ങളെയും ചൈന തള്ളിക്കളഞ്ഞു.
കഴിഞ്ഞ വർഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊറോണ വൈറസ് വ്യാപകമായി പൊട്ടിപ്പുറപ്പെട്ടിരുന്നുവെന്നും അത് ആരും റിപ്പോർട്ട് ചെയ്തിരുന്നില്ല എന്നും ചൈന പറയുന്നു. എന്നാൽ ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്ത് പുറം ലോകത്തെ അറിയിച്ചതും തുടർ നടപടിയെടുക്കാൻ ധൈര്യം കാട്ടിയതും തങ്ങൾ മാത്രമായിരുന്നുവെന്ന അവകാശവാദമാണ് ചൈന ഇപ്പോൾ ഉന്നയിക്കുന്നത്. കോവിഡ് ചൈനയിലെ വുഹാനിൽ നിന്നാണ് പൊട്ടിപുറപ്പെട്ടതെന്ന വാദങ്ങളെ എതിർത്തു കൊണ്ടാണ് ചൈനയുടെ മറുവാദം.
‘കോവിഡ് 19 എന്ന രോഗം നമ്മളെ സംബന്ധിച്ച് ഒരു പുതിയ തരം വൈറസാണ്, റിപ്പോർട്ടുകൾ വരുന്നതിനനുസരിച്ച് കൂടുതൽ വസ്തുതകൾ ഇതിനെക്കുറിച്ച് പുറത്തുവരുന്നുണ്ട്. എന്നാൽ കഴിഞ്ഞ വർഷം അവസാനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടിരുന്നു. പക്ഷേ ആ സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയാണ്. രോഗകാരിയായ ആ വൈറസിനെ തിരിച്ചറിഞ്ഞ് അതിന്റെ ജനിതക സീക്വൻസ് ലോകവുമായി പങ്കുവെക്കുകയാണ് ഞങ്ങൾ ചെയ്തത്’ ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുയിനിങ് പറഞ്ഞു.